എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; സത്യമെന്ത്?

October 01, 2021 |
|
News

                  എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; സത്യമെന്ത്?

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറില്‍ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്ത് വന്നു. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറില്‍ പങ്കെടുത്തത് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ്. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ ടെണ്ടറില്‍ പങ്കെടുത്തത്. അജയസ് സിങ് ഒറ്റയ്ക്കും.

സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാള്‍ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടര്‍ പിടിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതി ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനിരിക്കെയാണ് ഈ നിലയില്‍ വാര്‍ത്ത വന്നത്.

1932 ലാണ് ടാറ്റ തങ്ങളുടെ എയര്‍ലൈന്‍ സ്ഥാപിച്ചത്. ടാറ്റ കുടുംബം തങ്ങളുടെ കുടുംബ ബിസിനസായി സ്ഥാപിച്ച ടാറ്റ എയര്‍ലൈന്‍സിനെ പിന്നീട് എയര്‍ ഇന്ത്യയാക്കി. കേന്ദ്രസര്‍ക്കാരിന്റെ ദേശസാത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിമാനക്കമ്പനിയെ ഏറ്റെടുത്തത്. 68 വര്‍ഷം കൊണ്ട് കരകയറാനാവാത്ത നിലയില്‍ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് എയര്‍ ഇന്ത്യ വീണു. ഇതോടെയാണ് വിമാനക്കമ്പനിയെ വിറ്റ് കാശാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. അമിത് ഷായ്ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

2020 ജനുവരിയിലാണ് ആസ്തി വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം എയര്‍ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിന് ശേഷം എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറിയിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved