കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് 5 ശതമാനം നികുതി മതിയെന്ന് ധനമന്ത്രിമാരുടെ സമിതി

June 09, 2021 |
|
News

                  കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് 5 ശതമാനം നികുതി മതിയെന്ന് ധനമന്ത്രിമാരുടെ സമിതി

ന്യൂഡല്‍ഹി: ടെസ്റ്റിങ് കിറ്റ്, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, പള്‍സ് ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍, കോണ്‍സെന്‍ട്രേറ്റര്‍, വെന്റിലേറ്റര്‍, പിപിഇ കിറ്റ്, എന്‍95 മാസ്‌ക് തുടങ്ങിയവയ്ക്ക് 5% നികുതി മതിയെന്ന് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ 8 അംഗ സമിതിയുടെ ശുപാര്‍ശ. വാക്‌സീന് നികുതി ഇളവു നല്‍കുന്നതിനെക്കുറിച്ച് സമിതിക്ക് തീരുമാനം സാധ്യമായില്ല. വിഷയത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ച് ചരക്ക് സേവന നികുതി(ജിഎസ്ടി) കൗണ്‍സിലില്‍ തീരുമാനമെടുക്കാമെന്നാണ് ധാരണ. ഏതാനും മരുന്നുകള്‍ക്ക് പൂര്‍ണ നികുതി ഇളവു നല്‍കണമെന്നും നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിനു കൈമാറി. ഓഗസ്റ്റ് 31വരെയാണ് നികുതി ഇളവും കുറഞ്ഞ നിരക്കും നിര്‍ദേശിച്ചിട്ടുള്ളത്.

ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ മാസം 28ന് തീരുമാനിച്ച പ്രകാരം രൂപീകരിച്ചതാണ് മന്ത്രിമാരുടെ സമിതി. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ (കണ്‍വീനര്‍), ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, അജിത് പവാര്‍ (മഹാരാഷ്ട്ര) മൊവിന്‍ ഗൊഡിഞ്ഞൊ(ഗോവ), നിരഞ്ജന്‍ പൂജാരി (ഒഡീഷ), ടി.ഹരീഷ് റാവു(തെലങ്കാന), സുരേഷ് ഖന്ന(യുപി) എന്നിവരായിരുന്നു അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കൗണ്‍സില്‍ ഉടനെ ചേര്‍ന്നേക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

കോവിഡ് ചികില്‍സയ്ക്കായി സര്‍ക്കാരിനോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സേവന സംഘടനകള്‍ക്കോ നല്‍കാന്‍ സൗജന്യമായും അല്ലാതെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 31വരെ ഐജിഎസ്ടി ഈടാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ ഗണത്തിലുള്ള ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വാങ്ങുന്ന വാക്‌സീനുകള്‍ക്ക് നികുതി ഇളവു നല്‍കിയതുകൊണ്ട് ജനത്തിനു പ്രയോജനമില്ലെന്ന വാദം ധനമന്ത്രാലയം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. നികുതിയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍ക്കാരിലേക്കു തന്നെ തിരിച്ചെത്തും. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സീനും കേന്ദ്രം വാങ്ങി നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Read more topics: # Coronavirus,

Related Articles

© 2025 Financial Views. All Rights Reserved