
ന്യൂഡല്‍ഹി: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഏകീകൃത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 28.5 ശതമാനം വളര്‍ച്ച നേടി 9,008 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 7,008 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 45,411 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ നേടിയ 38,322 കോടിയില്‍ നിന്ന് 18.5 ശതമാനം വര്‍ധന.
''വ്യക്തിപരമായി വെല്ലുവിളി നിറഞ്ഞ ഒരു പാദത്തില്‍, പരസ്പരം സഹായിക്കുന്നതിലും ക്ലയന്റുകളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയിലും ടിസിഎസിലെ ഓരോരുത്തരും വൈഭവം പ്രകടമാക്കി. വടക്കേ അമേരിക്കയിലെ ബിസിനസ്, ബിഎഫ്എസ്‌ഐ, റീട്ടെയില്‍ എന്നിവയെല്ലാം ശ്രദ്ധേയമായ വളര്‍ച്ചയാണ് കാണിക്കുന്നത്. ഇത് ഞങ്ങളുടെ ഓപ്പറേറ്റിംഗ് മോഡലിന്റെ ചടുലത, ഞങ്ങളുടെ ഓഫറുകളുടെ പ്രസക്തി, എല്ലാറ്റിനുമുപരിയായി, ഞങ്ങളുടെ സഹകാരികളുടെ അഭിനിവേശവും അര്‍പ്പണബോധവും അടിവരയിട്ട് വ്യക്തമാക്കുന്നു,' ടിസിഎസ് എംഡിയും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.
വൈറസിന്റെ പുതിയ വകഭേദങ്ങളെയും മൂന്നാം തരംഗത്തെയും കുറിച്ച് ജാഗ്രത പുലര്‍ത്തുമ്പോഴും പ്രവര്‍ത്തന മേഖലകളെ കുറിച്ച് ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് ടിസിഎസ് പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഒരു ഇക്വിറ്റി ഷെയറിന് 7 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒരു റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി പറഞ്ഞു.