
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരികളുടെ തിരിച്ചുവാങ്ങല്‍ സാധ്യത പരിശോധിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് (ബുധന്‍) ചേരുന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തില്‍ കമ്പനി ഇക്കാര്യം ചര്‍ച്ച ചെയ്യും. ബുധനാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരികളുടെ തിരിച്ചുവാങ്ങല്‍ സാധ്യത പരിശോധിക്കുമെന്ന് ടിസിഎസ് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) അറിയിച്ചു.
ഇതേസമയം, തിരിച്ചുവാങ്ങല്‍ പദ്ധതി എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ടിസിഎസ് പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ പാദത്തിലെ സാമ്പത്തിക വളര്‍ച്ച വിലയിരുത്തി ഓഹരിയുടമകള്‍ക്ക് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും ബോര്‍ഡിന് ആലോചനയുണ്ട്. മുന്‍പ് 2018 -ല്‍ മുംബൈ ആസ്ഥാനമായ ടിസിഎസ് ഏകദേശം 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ എന്ന കണക്കിനാണ് കമ്പനി വില നിശ്ചയിച്ചത്.
7.61 കോടി ഓഹരികള്‍ ഇത്തരത്തില്‍ കമ്പനി തിരിച്ചുവാങ്ങി. 2017 -ലും സമാനമായ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി ടിസിഎസ് നടപ്പിലാക്കിയിരുന്നു. ഓഹരിയുടമകള്‍ക്ക് അധിക പണം തിരികെ നല്‍കുന്നതിനുള്ള ദീര്‍ഘകാല മൂലധനവിഹിതനയത്തിന്റെ ഭാഗമായാണ് തിരിച്ചുവാങ്ങല്‍ പദ്ധതിക്ക് ടിസിഎസ് മുന്‍കയ്യെടുക്കുന്നത്. എപ്പിക് സിസ്റ്റംസ് കോര്‍പ്പറേഷന്‍ വിഷയത്തില്‍ 1,218 കോടി രൂപ അസാധാരണ ഇനത്തില്‍പ്പെടുത്തി നല്‍കുമെന്ന് പ്രത്യേക ഫയലിങ്ങില്‍ കമ്പനി അറിയിച്ചിട്ടുണ്ട്. 2020 സെപ്തംബര്‍ 30 -ന് അവസാനിച്ച് മൂന്ന്, ആറ് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണിത്.
ഉടമസ്ഥാവകാശ വിവരങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് 2014 ഒക്ടോബറില്‍ വിസ്‌കോണ്‍സിന്‍ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് മാഡിസണ്‍ കോടതിയില്‍ ടിസിഎസിനെതിരെ എപ്പിക് പരാതി നല്‍കിയിരുന്നു. 2020 ഓഗസ്റ്റില്‍ എപ്പിക്കിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിറക്കുകയും ചെയ്തു. 140 ദശലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി കോടതി വിധിച്ചത്. ഇപ്പോള്‍ ഈ ബാധ്യത അടച്ചുതീര്‍ക്കാനുള്ള നീക്കവും ടിസിഎസ് നടത്തുന്നുണ്ട്.