
വാഷിംഗ്ടൺ: കൊറോണ മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 64 രാജ്യങ്ങള്‍ക്കായി 174 മില്യണ്‍ ഡോളര്‍ അമേരിക്ക ധനസഹായം നല്‍കും. 2.9 മില്യണ്‍ ഡോളറാണ് (21.7 കോടി രൂപ) ഇന്ത്യയ്ക്ക് ലഭിക്കുക. ഫെബ്രുവരിയില്‍ അമേരിക്ക പ്രഖ്യാപിച്ച 100 മില്യണ്‍ ഡോളര്‍ സഹായത്തിന് പുറമെയാണ് പുതിയ പ്രഖ്യാപനം. രോഗ പ്രതിരോധ-നിയന്ത്രണ വകുപ്പ് അടക്കം വിവിധ ഏജന്‍സികളിലും വകുപ്പുകളിലുമുള്ള ആഗോള പ്രതികരണം പാക്കേജ് ഇതിനായി അമേരിക്ക വിനിയോഗിക്കും.
നിലവില്‍ കൊറോണ ഏറ്റവും കൂടുതല്‍ വിനാശം വിതയ്ക്കുന്ന 64 രാജ്യങ്ങള്‍ക്കാണ് അമേരിക്ക ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള ആരോഗ്യ നേൃത്വത്തിന്റെ ഭാഗമായിട്ടാണ് 64 രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള തീരുമാനമെന്ന് അമേരിക്കയുടെ രാജ്യാന്തര വികസന ഏജന്‍സി ഡെപ്യൂട്ടി അഡ്മിനിസ്റ്റര്‍ ബോണി ഗ്ലിക്ക് പറഞ്ഞു. കൂടുതല്‍ അത്യാധുനിക ലബോറട്ടറി സംവിധാനങ്ങള്‍ സ്ഥാപിക്കാനും രോഗ നിര്‍ണയവും നിരീക്ഷണവും സജീവമാക്കാനുമാണ് അമേരിക്ക ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ നല്‍കുന്നത്. ഇക്കാര്യം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.
ഇതോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ അമേരിക്കയില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 2.9 ബില്യണ്‍ കടന്നു. ഇതില്‍ 1.4 ബില്യണ്‍ ഡോളര്‍ ആരോഗ്യരംഗത്ത് ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ചിലവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച്ച വ്യക്തമാക്കി. നിലവില്‍ ഏപ്രില്‍ 14 വരെ ഇന്ത്യ ഒന്നടങ്കം അടച്ചിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണിത്. അടുത്ത മൂന്നാഴ്ച്ചക്കാലം ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. കര്‍ഫ്യൂ പ്രമാണിച്ച് രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം കേന്ദ്രം താത്കാലികമായി നിര്‍ത്തി.
ഇതേസമയം, പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കായി 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 80 കോടി ദരിദ്രരെ ഉള്‍പ്പെടുത്തിയുള്ള അന്ന യോജന പദ്ധതിയാണിതില്‍ മുഖ്യം. പദ്ധതി പ്രകാരം നിലവില്‍ ലഭിക്കുന്ന അഞ്ചു കിലോ അരിക്ക് പുറമെ അഞ്ചു കിലോ അരിയും ഒരു കിലോ പയറും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും.