
ന്യൂഡല്‍ഹി: അടുത്ത10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ 20 മുതല്‍ 30 കമ്പനികളെങ്കിലും റിലയന്‍സിനെ പോലെ വന്‍കിട സ്ഥാപനങ്ങളാവുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 38 വര്‍ഷമെടുത്താണ് റിലയന്‍സ് 200 ബില്യണ്‍ ഡോളര്‍ കമ്പനിയായി മാറിയത്. എന്നാല്‍, അടുത്തതലമുറ ഇന്ത്യന്‍ കമ്പനികള്‍ ഇതിന്റെ പകുതി സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുമെന്നും അംബാനി പറഞ്ഞു.
റിലയന്‍സ് 15 വര്‍ഷം കൊണ്ടാണ് ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയായത്. 30 വര്‍ഷം കൊണ്ട് 10 ബില്യണ്‍ ഡോളര്‍ കമ്പനിയായി മാറി. 35 വര്‍ഷം കൊണ്ട് 100 ബില്യണ്‍ ഡോളര്‍ കമ്പനിയായും 38 വര്‍ഷം കൊണ്ട് 200 ബില്യണ്‍ ഡോളര്‍ കമ്പനിയായും വളര്‍ന്നു. എനിക്കുറപ്പുണ്ട് അടുത്ത തലമുറ വ്യവസായികള്‍ പകുതി സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സംരംഭകരുടെ സമൂഹം വിശാലമാവുകയാണ്. സമ്പത്ത് സൃഷ്ടിക്കലും അനുദിനം വര്‍ധിക്കുകയാണ്. ഇത് ഇന്ത്യയെ കൂടുതല്‍ സമത്വപൂര്‍ണമായ രാഷ്ട്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ എനര്‍ജിയില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.