തോമസ് കുക്ക് (ഇന്ത്യ) ബ്രിട്ടീഷ് കമ്പനിയുമായി ബന്ധമില്ല; 2012 ന് ശേഷം കമ്പനിയുടെ പ്രവര്‍ത്തനം വ്യത്യസ്തമായ ചട്ടക്കൂടില്‍

September 24, 2019 |
|
News

                  തോമസ് കുക്ക് (ഇന്ത്യ) ബ്രിട്ടീഷ് കമ്പനിയുമായി ബന്ധമില്ല; 2012 ന് ശേഷം കമ്പനിയുടെ പ്രവര്‍ത്തനം വ്യത്യസ്തമായ ചട്ടക്കൂടില്‍

ന്യൂഡല്‍ഹി: ആഗാള തലത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിന്റെ പതനം ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക് ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2012 ഓഗസ്റ്റ് മാസം മുതല്‍ കമ്പനി ബ്രീട്ടീഷ് കമ്പനിയുമായി ചേര്‍ന്നല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് തോമസ് കുക്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മാധവന്‍ മേനോന്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 2012 ന് ശേഷം തോമസ് കുക്ക് ഇന്ത്യ വ്യത്യസ്തമായ ചട്ടക്കൂടിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മാധവന്‍ മേനോന്‍ വ്യക്തമാക്കിയത്. 

തോമസ് കുക്ക് ഇന്ത്യയെ വിദേശങ്ങളിലും, ഇന്ത്യയിലും നിക്ഷേപമുള്ള ഫെയര്‍ഫാക്‌സ് ഏറ്റെടുത്തിരുന്നു.ഏറ്റെടുക്കലിന് ശേഷം ബ്രിട്ടീഷ് കമ്പനി പ്രൊമോട്ടറല്ലായാവുകയും ചെയ്തു. 2012 ല്‍ കമ്പനിയുടെ 77 ശതമാനം വിഹിതമാണ് ഫെയര്‍ ഫോക് ഏറ്റെടുത്തത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി മികച്ച പ്രവര്‍ത്തനമാണ് കമ്പനി കാഴ്ച്ചവെക്കുന്നതും, ഇന്ത്യയിലെ കമ്പനിക്ക് പ്രതസിന്ധി ബാധകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് കുക്ക് ഇന്ത്യയുടെ പ്രവര്‍ത്തനം തന്നെ ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ട്. വിദേശ നാണ്യ വിനിമയം, കോര്‍പ്പറേറ്റ് ട്രാവല്‍, വിസ, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളാണ് തോമസ് കുക്ക് ഇന്ത്യ നല്‍കുന്നത്. 

അതേസമയം 178 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് കമ്പനി ഇപ്പോള്‍ പാപ്പരായി പ്രഖ്യാപിച്ചിട്ടുമുണ്ട്. തോമസ് കുക്കെന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ട്രാവല്‍ ഏജന്‍സിയുടെ തിരിച്ചുവരവ് ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഇതോടെ 178 വര്‍ഷത്തോളം പഴക്കമുള്ള കമ്പനിയില്‍ നിന്ന് 22000 പേര്‍ക്ക് ജോലി നഷ്ടമായേക്കും. ബ്രിട്ടനില്‍ മാത്രം 9000  പേരാണ്  കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ലോകത്താകമാനം കമ്പനിക്ക് ഓഫീസുകളും, ഉപഭോതാക്കളും ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനി ഇപ്പോള്‍ പൂട്ടുന്നതെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്കെത്തിയിട്ടുള്ളത്.  മാത്രമല്ല, ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം തോമസ് കുക്കുവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിനുപോയ 1,65,000-ഓളം സഞ്ചാരികളാണ് വിദേശത്ത് കുടുങ്ങിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് അധികൃതര്‍ കണക്കാക്കുന്നു. ഇവരെ തിരിച്ച് ബ്രിട്ടനിലെത്തുന്നതിന് 40 ജമ്പോജെറ്റുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. മുഴുവന്‍ വിനോദസഞ്ചാരികളെയും തിരികെ ബ്രിട്ടനിലെത്തിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved