
ലണ്ടന്‍: ചൈനയ്ക്ക് പുറത്ത് തങ്ങളുടെ ആസ്ഥാനം ഒരുക്കാനുള്ള ടിക് ടോക് നീക്കത്തിന് തിരിച്ചടി. പ്രധാന വിപണിയായ ഇന്ത്യയില്‍ നിരോധനം നേരിടുകയും വിവിധ രാജ്യങ്ങളില്‍ നിരോധന ഭീഷണിയിലുമാണ് ടിക് ടോക്. അതിനിടെയാണ് ലണ്ടനില്‍ തങ്ങളുടെ ആസ്ഥാനം സ്ഥാപിക്കാനുള്ള ടിക് ടോക് മാതൃകമ്പനി ബൈറ്റ് ഡാന്‍സിന്റെ പദ്ധതി ഉപേക്ഷിക്കുന്നത്. നേരത്തെ 3000ത്തോളം പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി ബൈറ്റ് ഡാന്‍സ് ബ്രിട്ടീഷ് മന്ത്രാലയവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ചൈനയുടെ ഉടമസ്ഥതയില്‍ നിന്ന് സ്വയം അകന്നുനില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
മുന്‍ വാള്‍ട്ട് ഡിസ്‌നി കോ എക്‌സിക്യൂട്ടീവ് ആയിരുന്ന കെവിന്‍ മേയറെ ടിക്ക് ടോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിച്ചത് ഉള്‍പ്പെടെ ഈ വര്‍ഷം ചില പരിഷ്‌കരണങ്ങള്‍ കമ്പനി നടപ്പിലാക്കിയിരുന്നു. ഉപയോക്തൃ ഡാറ്റ കൈമാറാന്‍ ചൈന കമ്പനിയെ നിര്‍ബന്ധിതരാക്കുമെന്ന സംശയത്തെത്തുടര്‍ന്ന് ടിക് ടോക്ക് വാഷിംഗ്ടണില്‍ കടുത്ത പരിശോധനകള്‍ നേരിട്ടു വരികയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ പ്രശ്‌നങ്ങളില്‍ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ലണ്ടനെ പുതിയ ആസ്ഥാനമാക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലണ്ടനിലും ചൈനയ്ക്ക് പുറത്തുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമുള്ള ടിക് ടോക്കിലെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇതിനിടെയാണ് ബ്രിട്ടനില്‍ ആഗോള ആസ്ഥാനം തുറക്കുന്നതിനായി യുകെ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ടിക് ടോക്ക് അവസാനിപ്പിച്ചതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ സാഹചര്യത്തില്‍ ടിക് ടോക് മാതൃകമ്പനി തന്നെ നിലപാടില്‍ നിന്നും പിന്നോട്ട് വലിയുകയാണ്. അടുത്തിടെ ഉടലെടുത്ത ബ്രിട്ടീഷ് ചൈനീസ് വ്യാപാര പ്രശ്‌നങ്ങളാണ് പുതിയ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഇലക്ട്രോണിക്ക് കമ്പനി വാവ്വെയ്ക്ക് കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതിന് പിന്നാലെയാണ് ലണ്ടന്‍ ആസ്ഥാന നീക്കം ടിക് ടോക് അവസാനിപ്പിച്ചത്.
ടിക് ടോക്കിന്റെ പ്രദേശിക ആസ്ഥാനം നിലനില്‍ക്കുന്ന ഡബ്ലിന്‍ ആണ് അടുത്തതായി ടിക് ടോക് തങ്ങളുടെ ആസ്ഥാനമാക്കുവാന്‍ ആലോചിക്കുന്നത്. നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങളും അനുമതികളും ഉള്ളതിനാല്‍ ഈ ആസ്ഥാന മാറ്റം വലിയ ബാധ്യതയുണ്ടാക്കില്ലെന്നാണ് ടിക് ടോക് മാതൃകമ്പനിയുടെ പ്രതീക്ഷ. അടുത്തിടെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് ലോകത്താകമാനം 100 കോടിയോളം ഉപയോക്താക്കളുള്ള ടിക് ടോക്കിന് സംഭവിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ടിക് ടോക് നിരോധനം എന്ന മുറവിളി ഉയരുകയാണ്.
ഇന്ത്യയിലേക്ക് ഇനിയൊരു തിരച്ചുവരവ് ഒരിക്കലും സാധിക്കില്ലെന്ന തിരിച്ചറിവില്‍ മറ്റ് രാജ്യങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബൈറ്റ് ഡാന്‍സും ടിക്ടോക്കും. ഇന്ത്യയിലെ പോലെ പ്രശ്നങ്ങളില്ലാതെ നില്‍ക്കാന്‍ സാധിച്ചാല്‍ പോലും അവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ കാര്യമായിരിക്കും എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാനേജ്‌മെന്റ് തലത്തില്‍ ഇപ്പോള്‍ തന്നെ അതിനുള്ള അഴിച്ചുപണികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ടിക്ടോകിന്റെ സിഇഒ ആയി കെവിന്‍ മേയര്‍ സ്ഥാനമേറ്റത് ഇതിന്റെ ഭാഗമായിയാണ്.