
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സമയക്രമത്തിലെ മാറ്റം മൂലം മാത്രമല്ല അല്ലാതെയും ട്രെയിനുകള്‍ വൈകാറുണ്ട്. എന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രെയിന്‍ വൈകുന്നത് മൂലം യാത്രക്കാര്‍ക്ക് നഷ്ടം ഉണ്ടായാലോ? പരാതി നല്‍കിയാല്‍ റെയില്‍വേ പിഴ നല്‍കേണ്ടി വരും. അജ്മീര്‍-ജമ്മു എക്‌സ്പ്രസ് വൈകിയതിനാല്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാനം നഷ്ടപ്പെട്ട യാത്രക്കാക്കാരന് റെയില്‍വേ 30,000 രൂപ പിഴ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാല് മണിക്കൂറായിരുന്നു ട്രെയിന്‍ വൈകിയത്. പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതോടെയാണ് നടപടി.
നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പാസാക്കി ഡല്‍ഹിയിലെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നോര്‍ത്തേണ്‍ വെസ്റ്റേണ്‍ റെയില്‍വേ ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് ശരിവച്ചത്. ടാക്‌സി ചെലവുകളുടെ ഇനത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ 15,000 രൂപയും, വിമാന ടിക്കറ്റ് ബുക്കിംഗ് ചെലവുകള്‍ക്കായി 10,000 രൂപയും മറ്റ് ചെലവുകള്‍ക്കായി 5,000 രൂപയുമാണ് റെയില്‍വേ യാത്രക്കാരന് നല്‍കേണ്ടത്.
ട്രെയിന്‍ വൈകിയതിനാല്‍ ആണ് യാത്രക്കാരന് വിമാനം നഷ്ടപ്പെട്ടത്, അതുകൊണ്ട് തന്നെ പരാതിക്കാരന് ടാക്‌സിയില്‍ ശ്രീനഗര്‍ വരെ യാത്ര ചെയ്യേണ്ടി വന്നു. വിമാന ടിക്കറ്റിനായി ചെലവഴിച്ച 9,000 രൂപ പോയെന്ന് മാത്രമല്ല ടാക്‌സിക്കായി 15,000 രൂപ ചെലവഴിക്കേണ്ടതായും വന്നു. ദാല്‍ തടാകത്തില്‍ യാത്രക്കായി ബോട്ട് ബുക്ക് ചെയ്തിരുന്നു. ഇതിനും മറ്റുമായി 10,000 രൂപ ചെലവ് വന്നെന്ന് പരാതിക്കാരന്‍ പറയുന്നു
ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വേയുടെ ഭാഗത്തെ സേവനത്തില്‍ കുറവുള്ളതാണെന്ന് പറയാന്‍ കഴിയില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിന് റെയില്‍വേ തെളിവുകള്‍ നല്‍കണമെന്നും കാരണം വിശദീകരിക്കണമെന്നും സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.ഓരോ യാത്രക്കാരന്റെയും സമയം വിലപ്പെട്ടതാണെന്നതില്‍ തര്‍ക്കിക്കാനാകില്ല, ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കും തുടര്‍ന്ന് തുടര്‍ യാത്രയ്ക്കുമുള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ ബുക്ക് ചെയ്തിരിക്കാം.
മത്സരത്തിന്റെയും കൃത്യതയുടെയും ഈ നാളുകളില്‍, പൊതുഗതാഗത സംവിധാനം നിലനില്‍ക്കുകയും ഈ രംഗത്തെ സ്വകാര്യവ്യക്തികളോട് മത്സരിക്കുകയും ചെയ്യണമെങ്കില്‍, സംവിധാനവും തൊഴില്‍ സംസ്‌കാരവും മെച്ചപ്പെടുത്തണമെന്നാണ് കോടതി നിരീക്ഷണം. യാത്രക്കാര്‍ക്ക് ഇതിനായി എപ്പോഴും ഭരണകൂടത്തിന്റെ കരുണ തേടാന്‍ കഴിയാന്‍ കഴിയില്ല. ബെഞ്ച് ചൂണ്ടിക്കാട്ടി.