അറ്റാദായത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി ടൈറ്റന്‍

May 03, 2022 |
|
News

                  അറ്റാദായത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി ടൈറ്റന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നേരിയ ഇടിവ്. 491 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 529 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.

7 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. ടാറ്റയുടെ കീഴിലുള്ള സ്ഥാപനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 618 കോടി രൂപയോളം ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഭാഗീകമായ ലോക്ക്ഡൗണുകള്‍, സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്ന് ടൈറ്റന്‍ അറിയിച്ചു.

ജുവല്‍റി രംഗത്ത് വരുമാനം കുറഞ്ഞതാണ് അറ്റാദായത്തെ ബാധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 265 കോടി രൂപ ഇടിഞ്ഞ് 6,132 കോടിയായിരുന്നു ജുവല്‍റി മേഖലയില്‍ നിന്നുള്ള വരുമാനം. അതേ സമയം വരുമാനത്തില്‍ ടൈറ്റന്റെ വാച്ചസ് & വെയറബിള്‍സ് ബിസിനസ് 12 ശതമാനവും ഐകെയര്‍ ബിസിനസ് 6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ വില്‍പ്പന ഇക്കാലയളവില്‍ 6,991 കോടിയില്‍ രൂപയില്‍ നിന്ന് 6749 കോടിയായി ഇടിഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തന ലഭാം 40 ബേസിസ് പോയിന്റ് ഇടിഞ്ഞ് 10.7 ശതമാനത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 269 സ്റ്റോറുകളാണ് ടൈറ്റന്‍ പുതുതായി ആരംഭിച്ചത്. ആകെ 2,178 റീട്ടെയില്‍ സ്റ്റോറുകളാണ് ടൈറ്റനുള്ളത്. മെയ് രണ്ടിന് 2.94 ശതമാനം ഇടിഞ്ഞ് 2,386 രൂപയ്ക്കാണ് ഓഹരി വിപണിയില്‍ ടൈറ്റന്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Read more topics: # ടൈറ്റന്‍, # Titan,

Related Articles

© 2025 Financial Views. All Rights Reserved