ഓഫ്ലൈനായും ഇനി മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താം; പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്

August 07, 2020 |
|
News

                  ഓഫ്ലൈനായും ഇനി മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താം; പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക്

ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനവുമായി റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഓഫ്ലൈന്‍ പേയ്മെന്റുകള്‍ നടത്താനുള്ള പുതിയ സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കാനൊരുങ്ങുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഈ കാര്യം അറിയിച്ചത്. 2021 മാര്‍ച്ച് 31 മുതല്‍ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനാണ് ആര്‍ബിഐയുടെ നീക്കം.

മൊബൈല്‍ ഫോണുകള്‍, കാര്‍ഡുകള്‍, വാലറ്റുകള്‍ മുതലായവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവം, ഇന്റര്‍നെറ്റിന്റെ കുറഞ്ഞ വേഗത തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം വിദൂര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റിന് തടസം സൃഷ്ടിക്കാറുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം കൊണ്ടുവരുന്നത്. ഉപഭോക്താക്കളുടെ താത്പര്യാര്‍ത്ഥം അവതരിപ്പിക്കുന്ന ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. മാത്രമല്ല താരതമ്യേന ചെറിയ തുകയുടെ ഇടപാടായിരിക്കും ഓഫ്ലൈന്‍ പേയ്മെന്റ് സംവിധാനം വഴി നടത്താനാവുക.

കാര്‍ഡുകള്‍, വാലറ്റുകള്‍ മുതലായവ ഉപയോഗിച്ച് നടത്തുന്ന ഓഫ്ലൈന്‍ പേയ്മെന്റ് രീതിയില്‍, കാര്‍ഡിലെ വിവരങ്ങളും ഇടപാടിന്റെ വിശദാംശങ്ങളും ഒരു 'ടെര്‍മിനലില്‍' സൂക്ഷിക്കും. പിന്നീട് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന ഈ വിവരങ്ങള്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് അയച്ച് ഇടപാട് പൂര്‍ത്തിയാക്കും.

നിബന്ധനകളും വ്യവസ്ഥകളും

• കാര്‍ഡുകള്‍, വാലറ്റുകള്‍, മൊബൈല്‍ ഡിവൈസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പേയ്മെന്റ് നടത്താം

• പേയ്മെന്റുകള്‍ റിമോട്ട് അല്ലെങ്കില്‍ പ്രോക്സിറ്റിമിറ്റി മോഡില്‍ നടത്താം

• 'അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍' (എഎഫ്എ) ഇല്ലാതെ ഇടപാടുകള്‍ നടത്താം

• ഓഫ്ലൈന്‍ പേയ്മെന്റ് ഇടപാടിന്റെ ഉയര്‍ന്ന പരിധി 200 രൂപയായിരിക്കും

• ഒരു ഡിവൈസില്‍ പേയ്മെന്റ് നടത്താനുള്ള ആകെ പരിധി രണ്ടായിരം രൂപയായിരിക്കും (ഓണ്‍ലൈന്‍ മോഡില്‍ എഎഫ്എ ഉപയോഗിച്ച് തുക വര്‍ധിപ്പിക്കാം)

• പേയ്മെന്റുകളില്‍ ഇഎംവി മാനദണ്ഡങ്ങള്‍ പാലിക്കണം

• എഎഫ്എ ഇല്ലാതെ ഓഫ്ലൈന്‍ മോഡില്‍ പേയ്മെന്റ് ഇടപാടുകള്‍ ഉപയോക്താവിന്റെ ഇഷ്ടപ്രകാരം ആയിരിക്കും.

Related Articles

© 2025 Financial Views. All Rights Reserved