
സ്മാര്‍ട്ട് ഫോണിന്റെ ഹൃദയമിടിപ്പായ ആന്‍ഡ്രോയിഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 10നെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുന്നത്. മധുര പലഹാരത്തിന്റെ പേര് ഇക്കുറി ആന്‍ഡ്രോയിഡിനില്ല. എന്നിരുന്നാലും നല്ല കിടിലന്‍ അതിമധുരം പകരുന്ന സേവനങ്ങളാണ് ആന്‍ഡ്രോയിഡ് 10ല്‍ ലോഡ് ചെയ്തിരിക്കുന്നത്.
2019 ആഗസ്‌റ്റോടു കൂടി ഇത് ഫോണില്‍ എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇത് എല്ലാ ഫോണിലും ലഭിക്കാന്‍ ഇനിയും വൈകുമെന്നാണ് അറിയുന്നത്. എന്നാല്‍ ഗൂഗിളിന്റെ ഫോണായ പിക്‌സലില്‍ ആന്‍ഡ്രോയിഡ് 10 ഇറങ്ങിയിരുന്നു. എന്നാല്‍ ബാക്കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് ആന്‍ഡ്രോയിഡ് 10 2019 അവസാനത്തോടെ മാത്രമേ ലഭിക്കൂ.
ആന്‍ഡ്രോയിഡ് 10ന്റെ മുഖ്യ ഫീച്ചറുകളിവ
ഡാര്‍ക് മോഡ്: ബാറ്ററി ലൈഫ് കൂട്ടുന്ന ഡാര്‍ക് മോഡ് നിരവധി ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ആന്‍ഡ്രോയ്ഡ് 10ലെ ഈ സൗകര്യം സിസ്റ്റം യൂസര്‍ ഇന്റര്‍ഫേസില്‍ എവിടെയും ഉപയോഗിക്കാന്‍ കഴിയും.
ലൈവ് കാപ്ഷന്‍സ്: ഫോണില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോകള്‍, ഓഡിയോ മെസേജ്, പോഡ്കാസ്റ്റ് എന്നിവയ്ക്ക് ലൈവ് ആയി കാപ്ഷനുകള്‍ കാണിച്ചുതരും. ഉപയോക്താവ് റെക്കോര്‍ഡ് ചെയ്യുന്ന മീഡിയ ഫയലുകള്‍ക്കും കാപ്ഷന്‍ നല്‍കും.
ജസ്റ്റര്‍ നാവിഗേഷന്‍: പഴയ പതിപ്പുകളെ അപേക്ഷിച്ച് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതല്‍ അനായാസമാക്കുന്നതാണ് ഇതിലെ ജസ്റ്റര്‍ നാവിഗേഷന്‍. ഉപയോക്താക്കള്‍ക്ക് മുന്നോട്ടും പിന്നോട്ടും പോകാനും ആപ്പുകള്‍ തമ്മില്‍ സ്വിച്ച് ചെയ്യാനും എളുപ്പത്തില്‍ ഹോം പേജിലേക്ക് പോകാനുമൊക്കെ സാധിക്കും. മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ ഹോം പേജിലേക്ക് പോകാനാകും.
രണ്ട് വശങ്ങളില്‍ നിന്നും സൈ്വപ്പ് ചെയ്താല്‍ പഴയ പേജിലേക്ക് തിരിച്ചുപോകാനും പുതിയതിലേക്ക് തിരികെ വരാനും സാധിക്കും. ഫോണിന് താഴെയായിയുണ്ടായിരുന്ന നാവിഗേഷന്‍ പാനലിന്റെ ആവശ്യം ഇതോടെ ഇല്ലാതായേക്കും.
ലൊക്കേഷന്‍ കണ്‍ട്രോള്‍: സ്വകാര്യതയുടെ ഭാഗമായി ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ആക്സസ് നല്‍കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 10ലെ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ലൊക്കേഷന്‍ സ്റ്റാറ്റസ് ആ ആപ്ലിക്കേഷനുകള്‍ക്ക് ലഭിക്കുകയുള്ളു.
ഫോക്കസ് മോഡ്: സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ജീവിതത്തെയും ആരോഗ്യത്തെയും വരെ ബാധിക്കുന്നുണ്ട്. പുതിയ ആന്‍ഡ്രോയ്ഡ് 10ലുള്ള ഫോക്കസ് മോഡ് വഴി നിങ്ങളെ ശല്യപ്പെടുത്തുന്ന ആപ്പുകളെ നിശബ്ദമാക്കാന്‍ കഴിയും.
ഫാമിലി ലിങ്ക്: ഇതുവഴി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഫോണില്‍ ദിവസേന ഫോണ്‍ ഉപയോഗിക്കാനുള്ള സമയം പരിമിതപ്പെടുത്താന്‍ കഴിയും. കുട്ടികളുടെ ഫോണ്‍ ഉപയോഗം പരിശോധിക്കാനും സാധിക്കും.
സെക്യൂരിറ്റി അപ്ഡേറ്റ്സ്: ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകള്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്ഫോണുകളിലേക്കെത്തിക്കാന്‍ കുറച്ചുനാളുകള്‍ കാത്തിരിക്കണമായിരുന്നു. ഇനി ഗുഗിള്‍ പ്ലേ സിസ്റ്റം അപ്ഡേറ്റുകള്‍, പ്രധാന സെക്യൂരിറ്റി, പ്രൈവസി ഫീച്ചേഴ്സ് തുടങ്ങിയവ ഗുഗിള്‍ പ്ലേയില്‍ നിന്ന് നിങ്ങളുടെ ഫോണുകളിലേക്ക് മറ്റ് ആപ്പ് അപ്ഡേറ്റുകള്‍ വരുന്നതുപോലെ നേരിട്ട് അയക്കാനാകും.
സൗണ്ട് ആംപ്ലിഫയര്‍: തിരക്കുള്ളയിടത്തുനില്‍ക്കുമ്പോള്‍ പശ്ചാത്തലത്തിലെ ശബ്ദം ഫോണില്‍ ക്രമീകരിക്കാന്‍ ഉപയോക്താവിന് സാധിക്കുന്നു. അതായത് ഫോണിന്റെ ശബ്ദം കൂട്ടി പശ്ചാത്തലത്തില്‍ നിന്നുള്ള ശബ്ദം കുറയ്ക്കാം, ഓഡിയോ കൂടുതല്‍ മെച്ചപ്പെടുത്താം... ഇങ്ങനെ മറുവശത്തുള്ളയാള്‍ക്ക് മെച്ചപ്പെട്ട ശ്രാവ്യാനുഭവം നല്‍കാനാകും.
സ്മാര്‍ട്ട് റിപ്ലൈ: നിങ്ങള്‍ക്ക് വിവിധ ആപ്പുകളിലൂടെ വരുന്ന മെസേജുകള്‍ക്കുള്ള റിപ്ലൈ സജഷന്‍ വരുന്നതോടൊപ്പം ഉപയോക്താവ് എന്തു ചെയ്യണമെന്നുള്ള റെക്കമന്‍ഡേഷനും ലഭിക്കുന്നു. ഉദാഹരണത്തിന് ഒരാള്‍ നിങ്ങള്‍ക്ക് അഡ്രസ് അയച്ചുതന്നാല്‍ അത് ഗൂഗിള്‍ മാപ്പ്സില്‍ തുറക്കാന്‍ സാധിക്കുന്നു.
സ്വകാര്യത: മുന്‍ പതിപ്പുകളെക്കാള്‍ ഇതില്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ആപ്പുകള്‍ നിങ്ങളുടെ ഏതൊക്കെ ഡാറ്റ, എത്ര കാലത്തേക്ക് സൂക്ഷിക്കണം എന്നൊക്കെ നിങ്ങള്‍ക്ക് തീരുമാനിക്കാം.