കളിപ്പാട്ട വിപണിയുടെ മൂല്യം 100 ബില്യണ്‍ ഡോളര്‍; ഇത് 'ടോയ്‌ക്കോണമി' എന്ന് പ്രധാനമന്ത്രി

June 25, 2021 |
|
News

                  കളിപ്പാട്ട വിപണിയുടെ മൂല്യം 100 ബില്യണ്‍ ഡോളര്‍; ഇത് 'ടോയ്‌ക്കോണമി' എന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുട്ടികളുടെ ആദ്യ സുഹൃത്ത് എന്ന നിലയില്‍ കളിപ്പാട്ടങ്ങളുടെ പ്രാധാന്യത്തിന് പുറമെ, കളിപ്പാട്ടങ്ങളുടെയും ഗെയിമിംഗിന്റെയും സാമ്പത്തിക വശങ്ങളും പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനെ 'ടോയ്‌ക്കോണമി' എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം. ആഗോള കളിപ്പാട്ട വിപണി 100 ബില്യണ്‍ ഡോളറാണെന്നും ഇന്ത്യ ഈ വിപണിയുടെ 1.5 ശതമാനം മാത്രമാണെന്നും ടോയ്ക്കത്തോണ്‍ 2021-ല്‍ പങ്കെടുത്തവരുമായി നടത്തിയ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.   

കളിപ്പാട്ടങ്ങളുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിനര്‍ത്ഥം കോടിക്കണക്കിന് രൂപ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നുവെന്നാണ്. ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന് ആവശ്യമായ വിഭാഗങ്ങളിലേക്ക് പുരോഗതിയും വളര്‍ച്ചയും കൊണ്ടുവരാനുള്ള ശേഷി ഈ മേഖലയ്ക്കുണ്ടെന്ന് മോദി അടിവരയിട്ടു പറഞ്ഞു. കളിപ്പാട്ട വ്യവസായത്തിന് ഗ്രാമീണ ജനസംഖ്യ, ദളിതര്‍, പാവപ്പെട്ടവര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവരടക്കമുള്ള ചെറുകിട വ്യവസായവും കരകൗശലത്തൊഴിലാളികളുമുണ്ട്. ഈ മേഖലയിലെ സ്ത്രീകളുടെ സംഭാവനയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ മേഖലകളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന്, പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്കായി നാം ശബ്ദമുയര്‍ത്തേണ്ടതുണ്ട്.   

ആഗോളതലത്തില്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ മത്സരാധിഷ്ഠിതമാക്കുന്നതിന് നവീകരണത്തിന്റെയും ധനസഹായത്തിന്റെയും പുതിയ മാതൃകകള്‍ വരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതിയ ആശയങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗത കളിപ്പാട്ട നിര്‍മ്മാതാക്കളിലേക്ക് പുതിയ സാങ്കേതികവിദ്യ എത്തിക്കുക, പുതിയ വിപണി ആവശ്യം സജ്ജമാക്കുക എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ടോയ്ക്കത്തോണ്‍ പോലുള്ള പരിപാടികള്‍ക്കു പിന്നിലെ പ്രചോദനം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved