
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പ്രീമിയം സെഡാന്‍, എംപിവി ശ്രേണികളില്‍ എത്തിച്ച വാഹനങ്ങളാണ് കാംറി, വെല്‍ഫയര്‍ മോഡലുകള്‍. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഈ മോഡലുകളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍ ടൊയോട്ട. ഈ മോഡലുകള്‍ക്ക് നാല് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ കാംറിക്ക് 1.14 ലക്ഷവും വെല്‍ഫയറിന് 4 ലക്ഷം രൂപയുമാണ് വില കൂടിയിരിക്കുന്നത്.
ബിഎസ്-6 എന്‍ജിനിലെത്തിയ കാംറി ഹൈബ്രിഡിന് 37.88 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. പുതിയ വില അനുസരിച്ച് ഇത് 39.02 ആയും വെല്‍ഫയറിന്റെ എക്സ്ഷോറൂം വില 79.50 ലക്ഷത്തില്‍ നിന്ന് 83.50 ലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്കിലുണ്ടായി വര്‍ധനവിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ നിബന്ധിതരായതെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
ഹൈബ്രിഡ് സെഡാന്‍ വാഹനമായ കാംറി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് നിരത്തുകളിലെത്തുന്നത്. അതേസമയം, ആഡംബര എംപിവി വാഹനമായ വെല്‍ഫയര്‍ പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്. ഇരുവാഹനങ്ങളും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് ഇന്ത്യയിലെത്തുന്നത്.