പ്രീപെയ്ഡ് ഉപയോക്താക്കളുടെ പ്ലാനുകളുടെ കാലയളവ് നീട്ടണമെന്ന് ട്രായ്; ലോക്ക്ഡൗൺ സമയത്ത് സേവനങ്ങൾ തടസ്സമില്ലാതെ തുടരണം; ടെലികോം ഓപ്പറേറ്റർമാർക്ക് ട്രായ് നിർദേശം

March 30, 2020 |
|
News

                  പ്രീപെയ്ഡ് ഉപയോക്താക്കളുടെ പ്ലാനുകളുടെ കാലയളവ് നീട്ടണമെന്ന് ട്രായ്; ലോക്ക്ഡൗൺ സമയത്ത് സേവനങ്ങൾ തടസ്സമില്ലാതെ തുടരണം; ടെലികോം ഓപ്പറേറ്റർമാർക്ക് ട്രായ് നിർദേശം

ന്യൂഡൽഹി: ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക്ഡൗൺ സമയത്ത് വരിക്കാർക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രീപെയ്ഡ് ഉപയോക്താക്കളുടെ പ്ലാനുകളുടെ കാലയളവ് നീട്ടണമെന്ന് ടെലികോം സെക്ടർ റെഗുലേറ്റർ ട്രായ്, ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. അത്തരം ഉപഭോക്താക്കൾക്ക് മുൻ‌ഗണനാടിസ്ഥാനത്തിൽ തടസ്സമില്ലാത്ത ടെലികോം സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

ലോക്ക്ഡൗൺ കാലയളവിൽ എല്ലാ പ്രീപെയ്ഡ് വരിക്കാർക്കും തടസ്സമില്ലാത്ത സേവനങ്ങൾ ആസ്വദിക്കാനാകുമെന്ന് ഉറപ്പുവരുത്തുന്നതിനായി വാലിഡിറ്റി കാലയളവ് നീട്ടുന്നത് ഉൾപ്പെടെ ആവശ്യമായ നടപടികൾ നിങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ട്രായ് ഞായറാഴ്ച എല്ലാ ഓപ്പറേറ്റർമാരുമായുള്ള ആശയവിനിമയത്തിൽ പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനായി 21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റീചാർജ് വൗച്ചറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതും പ്രീപെയ്ഡ് സേവനങ്ങൾക്കുള്ള പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാക്കുന്നതും സംബന്ധിച്ച ആശയവിനിമയം നടക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ അവശ്യ സേവനങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാൽ അടച്ചുപൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, രാജ്യമെമ്പാടുമുള്ള അടച്ചുപൂട്ടൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ട്രായ് പറഞ്ഞു. ഈ സാഹചര്യങ്ങളിൽ, ഓഫ്‌ലൈനായി അവരുടെ പ്രീപെയ്ഡ് ബാലൻസുകൾ ഉയർത്താൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് പ്രയാസങ്ങളും സേവന തടസ്സങ്ങളും നേരിടേണ്ടിവരും. അതിനാലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചത്.

പകർച്ചവ്യാധി വ്യാപിക്കുന്നത് തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് രാജ്യം മുഴുവൻ 21 ദിവസത്തേക്ക് പൂർണമായി പൂട്ടിയിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റോഡ്, റെയിൽ, വ്യോമ സർവീസുകളും നിർത്തിവച്ചു. നിലവിൽ കൊറോണ വൈറസ് പകർച്ചാവ്യാധി മൂലം രാജ്യത്ത് 29 പേർ മരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് -19 സ്ഥിതീകരിച്ച കേസുകൾ ഇന്ത്യയിൽ 1,071 ആയി.

Related Articles

© 2025 Financial Views. All Rights Reserved