
അബുദാബി: പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ ധനകാര്യ ബ്രാന്‍ഡായ ഫിനെബ്ലറിന് കീഴിലുള്ള കറന്‍സി വിനിമയ സ്ഥാപനം ട്രാവലെക്‌സ് വില്‍പ്പനയ്ക്ക്. ട്രാവലെക്‌സ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനി വില്‍ക്കാനുള്ള താല്‍പ്പര്യം ഫിനെബ്ലറിനെ അറിയിച്ചതായി കമ്പനി ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ട്രാവലെക്‌സ് വ്യക്തമാക്കി.
ഓഹരിയുടമകളുടെ മൂല്യം പരമാവധി ഉയര്‍ത്തുന്നതിനുള്ള തന്ത്രപ്രധാന അവസരങ്ങള്‍ നിരന്തരമായി വിലയിരുത്തി വരുന്നതിന്റെ ഭാഗമായാണ് ട്രാവലെക്‌സ് ഗ്രൂപ്പിനെ വാങ്ങുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓഹരിയുടമകളെ അപ്പപ്പോള്‍ അറിയിക്കുമെന്നും കഴിയുന്ന രീതിയില്‍ വായ്പാദാതാക്കളുമായും സമാന്തര ചര്‍ച്ചകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
ഫിനെബ്ലര്‍ ഗ്രൂപ്പിന് കീഴിലുള്ള നിരവധി കറന്‍സി വിനിമയ, പേയ്‌മെന്റ് കമ്പനികളില്‍ ഒന്നാണ് ട്രാവലെക്‌സ്. 12 മാസങ്ങള്‍ക്ക് മുമ്പാണ് ലണ്ടന്‍ ഓഹരിവിപണിയില്‍ കമ്പനി ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. പ്രാഥമിക ഓഹരി വില്‍പ്പനയെ തുടര്‍ന്ന് 1.3 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം ട്രാവലെക്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സൈബര്‍ സുരക്ഷ ലംഘനത്തെ തുടര്‍ന്ന് പല സൈറ്റുകളും ഓഫ്‌ലൈനാക്കിയതിന് ശേഷം ഈ വര്‍ഷം ആദ്യം മുതല്‍ പലവിധത്തിലുള്ള വെല്ലുവിളികളാണ് കമ്പനി നേരിടുന്നത്. 2014 ല്‍ ട്രാവലെക്‌സിനെ ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച വായ്പകള്‍ക്ക് ഈടായി കമ്പനിയുടെ പകുതിയിലധികം ഓഹരികള്‍ വായ്പാദാതാക്കള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ജനുവരിയില്‍ ട്രാവലെക്‌സിന്റെ മാതൃകമ്പനിയായ ഫിനെബ്ലര്‍ പറഞ്ഞിരുന്നു.
ഓഹരി വിലത്തകര്‍ച്ചയിലൂടെ വിപണി മൂലധനം 77.7 പൗണ്ടിലേക്ക് ഇടിഞ്ഞതോടെ ഫിനെബ്ലര്‍ ഗ്രൂപ്പിന്റെ ഓഹരി വ്യാപാരം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രതിദിന പണലഭ്യത കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും പിന്നാലെ ഫിനെബ്ലര്‍ വെളിപ്പെടുത്തി. പണമിടപാട് സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഫിനെബ്ലറിലെ മറ്റൊരു കറന്‍സി വിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ കേന്ദ്രബാങ്കാണ് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത്. ട്രാവലെക്‌സ് ബോര്‍ഡില്‍ നിന്നും ബി ആര്‍ ഷെട്ടി രാജി വെച്ചെങ്കിലും ഫിനെബ്ലര്‍ ചെയര്‍മാന്‍, ഫിനെബ്ലറിലെ ഏറ്റവും വലിയ ഓഹരിയുടമ തുടങ്ങിയ സ്ഥാനങ്ങളില്‍ അദ്ദേഹം തുടരുന്നുണ്ട്.