
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ "അമേരിക്കൻ പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിനായി" രാജ്യത്തേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. കൊറോണ വൈറസ് ആക്രമണത്തിനിടെ അമേരിക്കൻ പൗരന്മാരുടെ ജോലി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെ വെളിച്ചത്തിൽ, അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ താൻ ഒപ്പിടുമെന്ന് ചൊവ്വാഴ്ച രാവിലെ ട്രംപ് ട്വീറ്റ് ചെയ്തു.
തൊഴിലില്ലായ്മ
22 ദശലക്ഷം അമേരിക്കക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തേടിയിട്ടുള്ളത്. ഏപ്രിലിൽ കൂടുതൽ ക്ലെയിമുകൾ ഫയൽ ചെയ്തു. മഹാ മാന്ദ്യത്തിനു ശേഷമുള്ള എല്ലാ തൊഴിൽ നേട്ടങ്ങളും കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് തുടച്ചുനീക്കപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നിയന്ത്രിക്കുന്നതിന് ലോക്ക്ഡqണുകൾ പോലുള്ള അസാധാരണമായ നടപടികളിലേയ്ക്ക് രാജ്യം കടന്നതോടെ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ബാധിക്കുകയും ചെയ്യുന്നുണ്ട്.
ഉൽപാദന മേഖലയിൽ ഇടിവ്
മധ്യ അറ്റ്ലാന്റിക് മേഖലയിലെ ഉൽപാദന പ്രവർത്തനം 1980 ൽ അവസാനമായി കണ്ട നിലയിലേക്കും മാർച്ചിൽ 36 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഭവന നിർമ്മാണത്തിൽ ഇടിവുണ്ടായതായും കാണിക്കുന്ന മറ്റ് ഡാറ്റകളും ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യം വർദ്ധിപ്പിച്ചു. ലോകത്തെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 7,50,000 കേസുകളും 40,500 ൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ പാക്കേജ്
വാഷിംഗ്ടണിൽ, പ്രതിസന്ധി ബാധിച്ച ചെറുകിട വ്യവസായങ്ങൾക്കും ആശുപത്രികൾക്കും കൂടുതൽ സഹായം നൽകുന്നതിന് 450 ബില്യൺ ഡോളറിലധികം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച ഇക്കാര്യത്തിൽ വോട്ടെടുപ്പ് നടക്കുമെന്ന് സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ പറഞ്ഞു.
സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ
കോവിഡ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമെന്നാണ് വിവിധ ആഗോള റേറ്റിങ് ഏജന്‍സികൾ വിലയിരുത്തുന്നത്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്‌ഡൗണും നിയന്ത്രണങ്ങളും യു.എസിന്റെ ദിനംപ്രതി ഉല്‍പ്പാദനത്തില്‍ നല്ലൊരു ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥ കാരണം വിനോദം മുതല്‍ ചില്ലറ വില്‍പ്പന മേഖല വരെ അടച്ചിട്ടതിനാൽ യുഎസ് ജനസംഖ്യയുടെ 95 ശതമാനത്തിലധികം പേരും വീടുകളിൽ തന്നെയാണെന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു.