
യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ട് മൂന്നാമൊതൊരു കമ്പനിയെക്കൂടി ടിവിഎസ് ഏറ്റെടുക്കുന്നു. സ്വിറ്റ്സര്‍ലാന്‍ഡിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിര്‍മാതാക്കളായ എസ്ഇഎംജിയെ ആണ് ടിവിഎസ് സ്വന്തമാക്കുന്നത്. 100 മില്യണ്‍ ഡോളറിന് എസ്ഇഎംജിയുടെ 75 ശതമാനം ഓഹരികളാണ് ടിവിഎസ് വാങ്ങുന്നത്. ടിവിഎസിന്റെ സിംഗപ്പൂര്‍ ഉപ കമ്പനിയുടെ പേരിലാണ് ഇടപാട്.
മിച്ചമുള്ള 25 ശതമാനം ഓഹരികള്‍ അടുത്തവര്‍ഷത്തോടെ ടിവിഎസ് വാങ്ങും. സ്വിറ്റ്സര്‍ലന്‍ഡില്‍ 20 ശതമാനം വിപണി വിഹിതമാണ് എസ്ഇഎംജിക്ക് ഉള്ളത്. 31 ഷോറൂമുകളും രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമുള്ള സ്ഥാപനമാണ് എസ്ഇഎംജി. 100 മില്യണ്‍ ഡോളറോളമാണ് കമ്പനിയുടെ വരുമാനം.
നേരത്തെ ടിവിഎസ് ഏറ്റെടുത്ത ഇ-ബൈക്ക് കമ്പനി ഇഗോ മൂവ്മെന്റും സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഐക്യൂബ് എന്ന ഒരു സ്‌കൂട്ടര്‍ മാത്രമാണ് ഇലക്ട്രിക് വിഭാഗത്തില്‍ ടിവിഎസ് അവതരിപ്പിച്ചിട്ടുള്ളത്. പുതിയ നിക്ഷേപങ്ങളിലൂടെ ഈ രംഗത്ത് മെച്ചപ്പെട്ട ടെക്നോളജിയും കൂടുതല്‍ മോഡലുകളും ടിവിഎസിന് അവതരിപ്പിക്കാന്‍ സാധിക്കും. യുകെ ആസ്ഥാനമായ നോര്‍ട്ടണ്‍ മോട്ടോര്‍ സൈക്കിള്‍ ആണ് ടിവിഎസ് നേരത്തെ സ്വന്തമാക്കിയ മറ്റൊരു ബ്രാന്‍ഡ്.