
ശ്രീനഗര്‍: ഉത്തര്‍പ്രദേശിന് പിന്നാലെ ജമ്മുകശ്മീരില്‍ ഭക്ഷ്യസംസ്‌കരണ പാര്‍ക്കും ലോജിസ്റ്റിക്‌സ് ഹബ്ബും തുടങ്ങാനൊരുങ്ങി പ്രമുഖ വ്യാപാര-ഭക്ഷ്യസംസ്‌കരണ ശൃംഖലയായ ലുലു ഗ്രൂപ്പ്. ഇതിന്റെ ആദ്യഘട്ടത്തില്‍ 200 കോടി രൂപ നിക്ഷേപിക്കാനാണ് ലുലു തയ്യാറെടുക്കുന്നത്. ലുലു ഗ്രൂപ്പുമായി കശ്മീര്‍ സര്‍ക്കാര്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.
ജമ്മു കശ്മീര്‍ ലഫ്റ്റനെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിദ്ധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫ് അലിയാണ് പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ദുബായില്‍ വച്ചായിരുന്നു ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായവും വാണിജ്യവും) രഞ്ജന്‍ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എംഎയും ബുധനാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് മനോജ് സിന്‍ഹ യുഎഇയില്‍ എത്തിയത്. അതിനൊപ്പം സിലിക്കോണ്‍ സെന്റ്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ കശ്മീര്‍ പ്രമോഷന്‍ വീക്കും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒപ്പുവച്ചിരിക്കുന്നത് ചരിത്രപരമായ കരാറാണെന്നും ജമ്മു കശ്മീരും ദുബായിയും തമ്മിലുള്ള സഹകരണവും ജമ്മു കശ്മീരും ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തവും കൂടുതല്‍ വിപുലീകരിക്കാന്‍ ഈ ധാരണാപത്രത്തിലൂടെ കഴിയുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
ഏറെക്കാലമായി തുടരുന്നതും ആഴത്തില്‍ വേരുകളുള്ളതുമായ ബന്ധമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യാപാരവും സമീപ വര്‍ഷങ്ങളില്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ലുലു ഗ്രൂപ്പ് അഹമ്മദാബാദിലും ഉത്തര്‍പ്രദേശിലും നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരുന്നു. 2000 കോടിയുടെ നിക്ഷേപത്തില്‍ അഹമ്മദാബാദില്‍ അത്യാധുനികമായ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കുന്നതിനാണ് ലുലു ഗ്രൂപ് പദ്ധതിയിടുന്നത്.
അതിന് പുറമെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാനുള്ള കരാറും പ്രമുഖ വ്യാപാര - ഭക്ഷ്യസംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ് കരാറില്‍ ഒപ്പുവച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 220 ഹൈപ്പര്‍മാര്‍ക്കറ്റുകളും നിരവധി ഷോപ്പിങ്ങ് മാളുകളുമാണുള്ളത്. പശ്ചിമേഷ്യയില്‍ മിഡില്‍ ഈസ്റ്റ്, ഈജിപ്റ്റ്, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലായി 57,000 തൊഴിലാളികളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇന്ത്യയില്‍ നിലവില്‍ നാലിടങ്ങളിലാണ് ലുലു ഗ്രൂപ്പിന് മാളുകളുള്ളത്. കൊച്ചി, തൃശ്ശൂര്‍, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലാണ് മാളുകള്‍ പ്രവര്‍ത്തിക്കുന്നത്.