
കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ പലതും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബഹ്റൈന്‍ പുതുതായി തൊഴില്‍ വിസ നല്‍കുന്നത് പോലും നിര്‍ത്തിവച്ചു. ഇത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്തുവരുന്ന ലക്ഷക്കണക്കിന് മലയാളികളെയാണ്. അവധിക്കായി നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാത്തതും ക്വാറന്റൈന്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം യാത്രാചെലവ് വര്‍ധിച്ചതുമാണ് പ്രവാസികള്‍ക്ക് ദുരിതമായത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുകയാണ് ഗള്‍ഫ് മേഖലയിലെ പ്രമുഖ രാജ്യമായ യുഎഇയുടെ പുതിയ നടപടി.
മാസങ്ങളായി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി റെസിഡന്‍ഷ്യല്‍ വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാമെന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നത്. രാജ്യം അഗീകരിച്ച രണ്ട് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് അഞ്ചാം തീയ്യതി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിച്ച് രണ്ട് ആഴ്ച കഴിഞ്ഞവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ ഫലവും കരുതണം. എന്നാല്‍ രണ്ട് വാക്സിനും സ്വീകരിച്ച സന്ദര്‍ശക വിസയുള്ളവര്‍ക്ക് ഇപ്പോള്‍ പ്രവേശനം ലഭിക്കില്ല. 2020 എക്സ്പോ തുടങ്ങാനിരിക്കുന്നതിനാല്‍ ഈ തീരുമാനത്തിലും ഉടന്‍ തന്നെ മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയെ റെഡ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.
യുഎഇയുടെ ഈ നടപടിക്ക് പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈനിലേക്ക് നിലവിലെ വിസയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നുണ്ടെങ്കിലും പുതുതായ വര്‍ക്ക് പെര്‍മിറ്റ് വിസകള്‍ അനുവദിക്കുന്നില്ല. അതേസമയം, സന്ദര്‍ശകര്‍ക്കും ഖത്തര്‍ പ്രവേശനം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതിനാല്‍ വലിയ തുക ചെലവഴിക്കേണ്ട സ്ഥിതിയിലാണ്. സൗദിയിലേക്ക് പോകുന്നവര്‍ ഇപ്പോള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഖത്തര്‍ വഴിയുള്ള മാര്‍ഗമാണ്. ഈ യാത്രയ്ക്ക് ഏകദേശം ഒന്നരലക്ഷത്തോളം രൂപയാണ് വിവിധ ട്രാവല്‍സുകള്‍ ഈടാക്കുന്നത്.
കോവിഡ് വ്യാപകമായതിന് ശേഷം ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ഇന്ത്യക്കാര്‍ക്കുണ്ടായിട്ടില്ല. പലരും യുഎഇ വഴിയായിരുന്നു സൗദിയിലെത്തിയത്. യുഎഇ കൂടി യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഏറ്റവും കൂടുതല്‍ പരുങ്ങലിലായത് സൗദി യാത്രക്കാരായിരുന്നു. ഇപ്പോള്‍ മാലിദ്വീപ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ചാണ് പലരും സൗദിയിലേക്കെത്തുന്നത്. എന്നാല്‍ യുഎഇക്ക് പിന്നാലെ ബഹ്റൈന്‍, സൗദി തുടങ്ങിയ രാജ്യങ്ങള്‍ ഇളവുകള്‍ നല്‍കുമെന്നാണ് പ്രവാസലോകത്തിന്റെ പ്രതീക്ഷ.