യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവ്; തൊഴില്‍ നഷ്ടം ഗുരുതരം

May 17, 2021 |
|
News

                  യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവ്; തൊഴില്‍ നഷ്ടം ഗുരുതരം

ദുബായ്: ലോകത്ത് പ്രവാസിപ്പണത്തിന്റെ രണ്ടാമത്തെ വലിയ സ്രോതസ്സായ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പ്രവാസിപ്പണത്തില്‍ കഴിഞ്ഞ വര്‍ഷം 17 ശതാനം ഇടിവുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട് പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് ഗള്‍ഫ് രാജ്യത്ത് നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടി വന്നതാണ് പ്രവാസിപ്പണത്തില്‍ വലിയ രീതിയിലുള്ള ഇടിവുണ്ടാകാനുള്ള പ്രധാന കാരണം. 2019ല്‍ യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ 165 ബില്യണ്‍ ദിര്‍ഹം (45 ബില്യണ്‍ ഡോളര്‍) ഇന്ത്യയിലേക്ക് അയച്ചെന്നാണ് യുഎഇ കേന്ദ്രബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം അയച്ചത് അമേരിക്കയില്‍ നിന്നാണ്. 68 ബില്യണ്‍ ഡോളറാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. തുടര്‍സ്ഥാനങ്ങളില്‍ യുഎഇ(43 ബില്യണ്‍ ഡോളര്‍), സൗദി അറേബ്യ (34.5 ബില്യണ്‍ ഡോളര്‍), സ്വിറ്റ്സര്‍ലന്‍ഡ് (27.9 ബില്യണ്‍ ഡോളര്‍), ജര്‍മ്മനി (22 ബില്യണ്‍ ഡോളര്‍), ചൈന (18 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 7 ബില്യണ്‍ ഡോളറാണ് വിദേശങ്ങളിലേക്ക് പ്രവാസിപ്പണമായി ഒഴുകിയത്. 2019ല്‍ ഇത് 7.5 ബില്യണ്‍ ഡോളറായിരുന്നു.   

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 83 ബില്യണ്‍ ദിര്‍ഹമാണ് ഇന്ത്യയിലേക്ക് പ്രവാസിപ്പണമായി ഒഴുകിയെത്തിയത്. പകര്‍ച്ചവ്യാധി മൂലം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ കെടുതികള്‍ കണക്കിലെടുക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ കേവലം 0.2 ശതമാനം കുറവ് മാത്രമാണ് ഉണ്ടായത്. 2019ല്‍ മൊത്തത്തില്‍ 83.3 ബില്യണ്‍ ഡോളറാണ് ഇന്ത്യയ്ക്ക് പ്രവാസിപ്പണമായി ലഭിച്ചത്.

അതേസമയം ഇതിന് നേര്‍ വിരുദ്ധമായി പാക്കിസ്ഥാനിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്കില്‍ 17 ശതമാനം വര്‍ധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്നുമാണ് പാക്കിസ്ഥാനിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിയത്. യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നിവയാണ് പാക്കിസ്ഥാനിലെ മറ്റ് പ്രധാന പ്രവാസിപ്പണ സ്രോതസ്സുകള്‍. സമാനമായി ബംഗ്ലാദേശിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്കിലും കഴിഞ്ഞ വര്‍ഷം 18.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ശ്രീലങ്കയും പ്രവാസിപ്പണത്തില്‍ 5.8 ശതമാനം വളര്‍ച്ച നേടി.

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ ദക്ഷിണേഷ്യന്‍ മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ പ്രവാസിപ്പണത്തില്‍ മൊത്തത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ 17 ശതമാനം കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയെങ്കിലും അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തിയ പ്രവാസിപ്പണത്തിലൂടെ ഈ വിടവ് നികത്താനായതായും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved