എമിറേറ്റ്സ് ഇന്റെഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവ്

April 28, 2021 |
|
News

                  എമിറേറ്റ്സ് ഇന്റെഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവ്

ദുബായ്: എമിറേറ്റ്സ് ഇന്റെഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ (ഡു) ആദ്യപാദ അറ്റാദായത്തില്‍ ഇടിവ്. 2020ലെ ഒന്നാംപാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഒന്നാംപാദത്തില്‍ അറ്റാദായം 27 ശതമാനം ഇടിഞ്ഞു. മാര്‍ച്ച് 31ന് അവസാനിച്ച ആദ്യപാദത്തില്‍ 257.1 മില്യണ്‍ ദിര്‍ഹമാണ് ഡു അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. മൊത്തത്തിലുള്ള വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. 2.88 ബില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പനയാണ് കഴിഞ്ഞ പാദത്തില്‍ ഡുവില്‍ രേഖപ്പെടുത്തിയത്.   

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണുകള്‍ തീര്‍ത്ത ആഘാതത്തില്‍ നിന്നും യുഎഇ സമ്പദ് വ്യവസ്ഥ പതുക്കെ തിരിച്ച് വരവ് ആരംഭിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് അറ്റാദായം നാലിരട്ടിയായതായി കമ്പനി പറഞ്ഞു, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് സമീപകാലത്തായി അറ്റാദായം ഉയരാനിടയാക്കായത്. മൂന്ന് മാസത്തിനിടെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 13,000ത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഐഫോണ്‍ 12 വില്‍പ്പനയിലും 5ജി സേവനമുള്ള മറ്റ് ഉപകരണങ്ങളുടെ വില്‍പ്പനയിലും വര്‍ധനയുണ്ടായിട്ടുണ്ട്.

കോവിഡ്-19 വാക്സിനേഷനിലുള്ള പുരോഗതിയാണ് യുഎഇ കമ്പനികളുടെ സമീപകാലത്തെ മെച്ചപ്പെട്ട സാമ്പത്തിക പ്രകടനത്തിന് പിന്നില്‍. ഇതുവരെ 10 മില്യണ്‍ വാക്സിന്‍ ഡോസുകളാണ് യുഎഇയില്‍ വിതരണം ചെയ്തത്. അന്താരാഷ്ട്ര ടൂറിസം മെച്ചപ്പെടുകയും ആളുകള്‍ കോവിഡ്-19 സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്തതോടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉണര്‍വ്വുണ്ടാകുകയും ജനസഞ്ചാരം വര്‍ധിക്കുകയും ചെയ്തതായി ഡു സിഇഒ ഫഹദ് അല്‍ ഹസ്സവി പറഞ്ഞു. ആദ്യപാദ വരുമാനത്തില്‍ 5.2 ശതമാനം വര്‍ധനയാണ് ഡു റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ധിച്ചതാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. കമ്പനിയുടെ മൊബീല്‍ വരിക്കാരുടെ എണ്ണം 6.9 മില്യണ്‍ ആയി ഉയര്‍ന്നു.

Read more topics: # ഡു, # du,

Related Articles

© 2025 Financial Views. All Rights Reserved