നേട്ടം കൊയ്ത് യൂക്കോ ബാങ്ക്; 35 കോടി രൂപ അറ്റാദായം

January 27, 2021 |
|
News

                  നേട്ടം കൊയ്ത് യൂക്കോ ബാങ്ക്; 35 കോടി രൂപ അറ്റാദായം

പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദം 35.44 കോടി രൂപ അറ്റാദായം പിടിക്കാന്‍ യൂക്കോ ബാങ്കിന് സാധിച്ചു. 2019 സാമ്പത്തികവര്‍ഷം 960.17 കോടി രൂപ നഷ്ടത്തിലായിരുന്നു ബാങ്ക് ഡിസംബര്‍ പാദം പിന്നിട്ടിരുന്നത്. എന്തായാലും ഇക്കുറി ചിത്രം മാറി. കഴിഞ്ഞപാദം മൊത്തം പലിശവരുമാനം 13.8 ശതമാനം വര്‍ധനവോടെ 1,407.15 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 1,236.59 കോടി രൂപയായിരുന്നു.

സാമ്പത്തികഫലം പുറത്തുവന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ യൂക്കോ ബാങ്ക് ഓഹരികള്‍ നേട്ടം കയ്യടക്കുന്നതിനും വിപണി സാക്ഷിയായി. നിലവില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ യൂക്കോ ബാങ്ക് ഓഹരിയൊന്നിന് 13.08 രൂപയാണ് വില. വായ്പാ ബാധ്യതകളും ലാഭയിടിവും മുന്‍നിര്‍ത്തി റിസര്‍വ് ബാങ്കിന്റെ 'പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍' (പിസിഎ) ഭരണത്തിന് കീഴിലാണ് കൊല്‍ക്കത്ത ആസ്ഥാനമായ യൂക്കോ ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ ആസ്തികളുടെ നിലവാരം വര്‍ധിച്ചെന്നും സാമ്പത്തികഫലം വെളിപ്പെടുത്തുന്നുണ്ട്. നിഷ്‌ക്രിയാസ്തി ഒരുവര്‍ഷം കൊണ്ട് 194.45 ശതമാനത്തില്‍ നിന്നും 9.8 ശതമാനമായി ചുരുങ്ങി. നടപ്പുവര്‍ഷം ഇതുവരെയുള്ള കണക്കു നോക്കിയാല്‍ 2.97 ശതമാനമാണ് യൂക്കോ ബാങ്കിന്റെ നിഷ്‌ക്രിയാസ്തി ചുരുങ്ങിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.34 ശതമാനമായിരുന്നു ഇത്. ഡിസംബര്‍ പാദത്തില്‍ പ്രൊവിഷന്‍ കവറേജ് അനുപാതം (പിസിആര്‍) 83.71 ശതമാനത്തില്‍ നിന്നും 91.22 ശതമാനമായി വര്‍ധിച്ചു. വായ്പകളുടെ കാര്യത്തിലും നിക്ഷേപങ്ങളുടെ കാര്യത്തിലും വന്‍മുന്നേറ്റം കുറിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 1.16 ലക്ഷം കോടി രൂപയാണ് വായ്പാ ഇനത്തില്‍ ബാങ്ക് അനുവദിച്ചത്. വര്‍ധനവ് 2.63 ശതമാനം. മൊത്തം നിക്ഷേപങ്ങള്‍ 7.42 ശതമാനം വര്‍ധിച്ച് 2.02 ലക്ഷം കോടി രൂപയിലെത്തി.

മൂലധനത്തില്‍ നിന്നും 3,000 കോടി രൂപ സമാഹരിക്കാന്‍ യൂക്കോ ബാങ്ക് ബോര്‍ഡ് സമിതിയില്‍ നിന്നും അനുവാദം നേടിയിട്ടുണ്ട്. ഇതിന് പുറമെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യൂഐപി) വഴി മറ്റൊരു 1,000 കോടി രൂപ കൂടി ബാങ്ക് സമാഹരിക്കുമെന്ന് യൂക്കോ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ എകെ ഗോയല്‍ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved