
ലണ്ടന്‍:പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും അന്യായമായി വായ്പ എടുത്ത് മുങ്ങിയ കേസില്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. റിമാന്റ് കാലാവധി ജൂണ്‍ 27 വരെ നീട്ടിയെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലില്‍ പാര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ കേസില്‍ നീരവ് മോദി വാന്‍ഡ്സ്‌വര്‍ത്ത് ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. കൊടും കുറ്റവാളികള്‍ കഴിയുന്ന ജയിലാണിതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 29 ന് കേസില്‍ വീണ്ടും വാദമുണ്ടാകും. അതേസമയം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യ ഉടന്‍ കൈമാറണമെന്നാണ് കോടതി ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. ഇതിനായി ഇന്ത്യക്ക് ആറാഴ്ച്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്‌കോട്ലാന്‍ഡ് യാര്‍ഡ് പോലീസ് നീരവ് മോദിയെ അറ്സ്റ്റ് ചെയ്തത്.