
കമ്പനി പുനഃസംഘടനയുടെ ഭാഗമായി ജീവനക്കാരെ കുറയ്ക്കാന്‍ ഒരുങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. സീനിയര്‍ മാനേജ്മെന്റ് ലെവല്‍ റോളുകള്‍ 15 ശതമാനം കുറയ്ക്കും. ജൂണിയര്‍ ലെവല്‍ തസ്തികകള്‍ അഞ്ച് ശതമാനമാണ് കുറയ്ക്കുക. ആഗോള തലത്തില്‍ 1,500 തസ്തികകള്‍ കുറച്ചേക്കും. യുണിലിവറിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നിതിന്‍ പരഞ്ജ്പെയാണ് ബിസിനസ് പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
2019ല്‍ യൂണിലിവര്‍ സിഒഒ റോള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് പരഞ്ജ്പെ മുമ്പ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സിഇഒ ആയിരുന്നു. യൂണിലിവറിലെ മറ്റൊരു ഇന്ത്യന്‍ നേതാവ് സണ്ണി ജെയിന്‍ കമ്പനി വിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേ സമയം സഞ്ജീവ് മേത്ത ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ എക്സിക്യൂട്ടീവ് നേതൃ രംഗത്ത് തുടരും.
ലോകമെമ്പാടും ഏകദേശം 149,000 ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍, ഹോം കെയര്‍ തുടങ്ങി അഞ്ച് പുതിയ ഡിവിഷനുകളിലായി കമ്പനി ബിസിനസ് നവീകരിച്ചേക്കും. യൂണിലിവര്‍ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 13 ശതമാനം ഇടിഞ്ഞിരുന്നു. യൂണിലിവര്‍ മുന്‍ഗണന നല്‍കുന്ന മൂന്ന് പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. എച്ച്‌യുഎല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്തയുടെ നേതൃത്വത്തിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇന്ത്യന്‍ വിപണിയിലേക്ക് മികച്ച ട്രെന്‍ഡുകളും നവീന ആശയങ്ങളും കൊണ്ടുവരുന്നത് യൂണിലിവര്‍ ആണെന്നും ബിസിനസ് പുനസംഘടന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിന് സഹായകരമാകുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് ഒന്ന്, രണ്ട് തരംഗങ്ങളില്‍ ടൂറിസം, വ്യാപാരം, വ്യവസായം തുടങ്ങിയ പ്രധാന മേഖലകളില്‍ എല്ലാം തൊഴില്‍ നഷ്ടം ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് മൂലമുള്ള തൊഴില്‍ നഷ്ടം രൂക്ഷമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിലെ തൊഴിലില്ലായ്മാ നിരക്ക് 8 ശതമാനമാണ്. 2020-ല്‍ ഏഴ് ശതമാനമായിരുന്നു തൊഴില്‍ ഇല്ലായ്മ നിരക്ക്.