ബജറ്റ്: ബാങ്കുകള്‍ക്ക് 20000 കോടി; വിദ്യാഭ്യാസമേഖലക്ക് 1500 കോടി; ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3,726 കോടി രൂപ

February 01, 2021 |
|
News

                  ബജറ്റ്: ബാങ്കുകള്‍ക്ക് 20000 കോടി; വിദ്യാഭ്യാസമേഖലക്ക് 1500 കോടി;  ആദ്യ ഡിജിറ്റല്‍ സെന്‍സസിന് 3,726 കോടി രൂപ

ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021 ലെ ബജറ്റ് പ്രഖ്യാപനത്തില്‍ പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെയും 2 പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യവത്ക്കരണം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് 20000 കോടി നീക്കി വച്ചു. കിട്ടക്കാടം അടക്കം പരിഹരിക്കാനാണ് ബാങ്കുകള്‍ക്ക് ഇത്രയും തുക നീക്കി വച്ചത്. കാര്‍ഷിക വായ്പകള്‍ക്ക് 16.5 കോടി വകയിരുത്തി.

രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തന്ത്രപ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യവത്ക്കരിക്കുമെന്നും സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. എല്‍ഐസി ഐപിഒ 2022 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുമെന്നും അവര്‍ പറഞ്ഞു. ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നേരിട്ടുള്ള വിദേശ നിക്ഷേപ ഇന്‍ഷുറന്‍സ് 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. സിപിഎസ്ഇ ഓഹരി വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ 19,499 കോടി രൂപ നേടി. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 2.10 ലക്ഷം കോടിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് 2.1 ലക്ഷം കോടി രൂപ സമാഹരിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കുക എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ ലക്ഷ്യങ്ങള്‍.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഭാരത് ഡൈനാമിക്‌സ്, ഐആര്‍സിടിസി, സെയില്‍ എന്നീ 4 സിപിഎസ്ഇകള്‍ ഈ സാമ്പത്തിക വര്‍ഷം ഓഫര്‍-ഫോര്‍ സെയില്‍ (ഒഎഫ്എസ്) പുറത്തിറക്കി. ഇത് ഖജനാവിന്, 12,907 കോടി രൂപ നേട്ടമുണ്ടാക്കിയതായും സീതാരാമന്‍ വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ 15000 സ്‌കൂളുകള്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖലയില്‍ ഡിജിറ്റല്‍ വിനിമയം ഉത്തേജിപ്പിക്കാന്‍ 1500 കോടി വകയിരുത്തി. ഗവേഷണപദ്ധതികള്‍ക്കായി അന്‍പതിനായിരം കോടി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. ലേയില്‍ കേന്ദ്ര സര്‍വകലാശാല രൂപീകരിക്കും. രാജ്യത്താകെ 100 സൈനിക സ്‌കൂളുകള്‍ ആരംഭിക്കും. ഏകലവ്യ സ്‌കൂളുകള്‍ക്ക് നാല്‍പത് കോടിയും അനുവദിച്ചിട്ടുണ്ട്. 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളുണ്ടാകും.

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ജനസംഖ്യാക്കെടുപ്പിനായി 3,726 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 2021 ല്‍ നടക്കാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിനാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. അഞ്ച് കൊല്ലത്തെ കാലാവധിയുള്ള പുതിയ ആഴക്കടല്‍ പദ്ധതിയ്ക്കായി 4000 കോടി രൂപ അനുവദിക്കുമെന്നും കരാര്‍ വ്യവഹാരങ്ങളില്‍ കാലതാമസം കൂടാതെ തീര്‍പ്പുണ്ടാക്കാന്‍ പുതിയ അനുരഞ്ജനസംവിധാനം സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍  വ്യക്തമാക്കി. കൂടാതെ, നാഷണല്‍ നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കമ്മിഷന്‍ ബില്‍ അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായും ധനമന്ത്രി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved