
ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (ആറ് അക്ക ആല്‍ഫാ ന്യൂമറിക്ക് നമ്പര്‍-തിരിച്ചറിയല്‍ കോഡ്) സംവിധാനം ഈ മാസം നടപ്പാക്കില്ല. ജൂലൈ ഒന്നാം തീയതിയിലേക്ക് ഈ നടപടി നീട്ടിവയ്ക്കുന്നതായി ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) അറിയിച്ചു. നേരത്തെ ജൂണ്‍ 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ബിഐഎസ് വ്യക്തമാക്കിയിരുന്നത്.
ജൂലൈ മുതല്‍ ആഭരണങ്ങളില്‍ ബിഐഎസ് ലോഗോ, കാരറ്റ്, ആറ് അക്ക ആല്‍ഫ ന്യൂമറിക്ക് നമ്പര്‍ (തിരിച്ചറിയല്‍ കോഡ്) എന്നിവ മാത്രമേ മുദ്ര ചെയ്യുകയുള്ളു. ആഭരണത്തില്‍ പതിച്ച ആറ് അക്ക ഡിജിറ്റല്‍ നമ്പര്‍ ബിഐഎസ് സൈറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ആഭരണത്തിന്റെ ഫോട്ടോ, തൂക്കം, വാങ്ങിയ ജ്വല്ലറി ഷോപ്പ്, നിര്‍മ്മാതാവ്, ഹാള്‍മാര്‍ക്ക് ചെയ്ത സ്ഥാപനം തുടങ്ങി ആഭരണത്തിന്റെ എല്ലാ കാര്യങ്ങളും ഉപഭോക്താവിന് അറിയാന്‍ കഴിയും.
ഇത്രയും വലിയ തോതിലുളള മാറ്റങ്ങള്‍ സ്വര്‍ണ വിപണിയില്‍ നടപ്പാക്കുമ്പോള്‍ ഹാള്‍മാര്‍ക്കിംഗ് സെന്ററുകളോ ജ്വല്ലറികളോ ഇത് നടപ്പാക്കുന്നതിന് ഇതുവരെ സജ്ജമായിട്ടില്ലെന്ന പരാതിയാണ് സ്വര്‍ണ വ്യാപാരികള്‍ക്കുളളത്. ഇത് വ്യാപാരികള്‍ക്കിടയില്‍ വലിയ രീതിയുള്ള പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.