അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നു; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

June 24, 2020 |
|
News

                  അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നു; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ 1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം. രാഷ്ട്രപതിയുടെ അനുമതി കിട്ടിയാലുടന്‍ ഈ ഓര്‍ഡിനന്‍സ് നിയമമാകും. 

സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ കൃത്യമായ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്കുകള്‍ എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍ വരിക.

ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ മേല്‍ ഏതു തരത്തിലുള്ള അധികാരമാണോ റിസര്‍വ് ബാങ്കുകള്‍ക്കുള്ളത് അതിനു സമാനമായ നിയന്ത്രണം ഇനി സഹകരണ ബാങ്കുകള്‍ക്കുമേലും ഉണ്ടാകും. അതേസമയം ഗ്രാമീണ മേഖലയിലെ സഹകരണ ബാങ്കുകളെയും കാര്‍ഷിക സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ആര്‍ബിഐയുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവന്നിട്ടില്ല.

ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ആര്‍ബിഐയുടെ കര്‍ശനമായ വ്യവസ്ഥകള്‍ ഇനി ഉണ്ടാകും. കിട്ടാക്കടമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആര്‍ബിഐയ്ക്കു പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. 4.84 ദശലക്ഷം നിക്ഷേപകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.

2020-ലെ ബജറ്റില്‍ സഹകരണബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരാന്‍ പദ്ധതി രൂപീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ ഓര്‍ഡിനന്‍സ് ഒരു ബില്ലായി പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന് ഇത് പാസ്സാക്കിയെടുക്കാനായില്ല. നിക്ഷേപകരുടെ പണം നഷ്ടമായ പഞ്ചാബ് & മഹാരാഷ്ട്ര സഹകരണ ബാങ്ക് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന.

Related Articles

© 2025 Financial Views. All Rights Reserved