
ന്യൂഡല്‍ഹി: 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ നഗരമേഖലയിലെ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നതായി ലോകബാങ്ക് പഠനം. രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2011-2019 കാലയളവില്‍ ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 12.3 ശതമാനത്തിലേക്ക് താഴ്ന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2011 കാലത്ത് ദാരിദ്ര്യ നിരക്ക് 22.5 ശതമാനവും 2019 കാലത്ത് 10.2 ശതമാനവുമായിരുന്നു. 2004-2011 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2011-2019ല്‍ ദാരിദ്ര്യ നിരക്ക് താഴ്ന്നതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജന നിരക്ക് നഗരമേഖലയെ അപേക്ഷിച്ച് കൂടുതലാണെന്നും ദാരിദ്ര്യം വര്‍ധിക്കുന്നതിന്റെ രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും അഭിപ്രായപ്പെടുന്നു. 2019ല്‍ ഗ്രാമീണ ദാരിദ്ര്യ നിരക്ക് 10 ബേസിസ് പോയിന്റ് ആണ്. ദാരിദ്ര്യം വര്‍ധിക്കുന്നത് സാവധാനത്തിലാണെന്ന് ഇത് കാണിക്കുന്നു. അതേസമയം, നഗരങ്ങളിലെ ദാരിദ്ര്യ നിരക്ക് 2016ല്‍ വര്‍ധിച്ചത് 2 ശതമാനമാണ്. നോട്ട് നിരോധനത്തിന് ശേഷം കുത്തനെയാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്.
2016 നവംബര്‍ ആറിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. അഴിമതിയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. കേന്ദ്ര നടപടി ഒറ്റരാത്രി കൊണ്ട് 86 ശതമാനം ഇന്ത്യന്‍ രൂപയുടെ നിയമസാധുതയില്ലാതാവുകയും രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഏതാണ്ട് നിലക്കുകയും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 2015-2016 കാലയളവിലെ 8 ശതമാനം എന്ന രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നോട്ട് നിരോധനത്തെ തുടര്‍ന്ന് 2018-19 കാലയളവില്‍ 6.8 ശതമാനമായി താഴ്ന്നു.