
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അമേരിക്കയുടെ നിരീക്ഷണത്തില്‍. ലോകത്തെ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഉള്‍പ്പെടെ ഒമ്പത് കമ്പനികളെ ചൈനീസ് മിലിട്ടറിയുമായി ബന്ധമുള്ള കമ്പനികളുടെ കരിമ്പട്ടികയില്‍ യുഎസ് ഭരണകൂടം വ്യാഴാഴ്ച ചേര്‍ത്തു.
ഈ നീക്കത്തെത്തുടര്‍ന്ന്, യുഎസ് നിക്ഷേപകര്‍ക്ക് കരിമ്പട്ടികയില്‍ ചേര്‍ത്ത കമ്പനികളില്‍ ഇനി മുതല്‍ നിക്ഷേപം നടത്താന്‍ കഴിയില്ല. ഈ പട്ടികയുടെ ഭാഗമായ ഷവോമി പോലുള്ള കമ്പനികളുടെ ഓഹരികളും സെക്യൂരിറ്റികളും വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ വിലക്കി. കൂടാതെ 2021 നവംബര്‍ 11 നകം നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ തിരിച്ചു നല്‍കേണ്ടി വരുമെന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍ഭാഗ്യവശാല്‍, ഷവോമിയോ മറ്റ് കമ്പനികളോ ചൈനീസ് സൈന്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ഇതുവരെ ട്രംപ് ഭരണകൂടം ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ഷവോമി പോലെ മികച്ച സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി എങ്ങനെ കരിമ്പട്ടികയില്‍ വളരെ പെട്ടെന്ന് കടന്നു എന്നത് നിക്ഷേപകരെ ഞെട്ടിച്ചിരുന്നു. ഈ നീക്കത്തിന് മുമ്പ്, ടെലികമ്മ്യൂണിക്കേഷന്‍ (ഹുവാവേ), അര്‍ദ്ധചാലക സാങ്കേതികവിദ്യ (എസ്എംഐസി) തുടങ്ങിയ നിര്‍ണായക വ്യവസായങ്ങളില്‍ നിന്നുള്ള കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതില്‍ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
നിലവില്‍, ലോകത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ നിര്‍മാതാക്കളായ ഡിജെഐയും ചൈനയിലെ മികച്ച അര്‍ദ്ധചാലക കമ്പനിയായ എസ്എംഐസിയും ഉള്‍പ്പെടുന്ന 60 ചൈനീസ് കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ കരിമ്പട്ടിക യുഎസ് എന്റിറ്റി ലിസ്റ്റില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ ഹുവാവേയില്‍ നിന്നോ ഡിജെഐയില്‍ നിന്നോ വ്യത്യസ്തമായി, ലൈസന്‍സില്ലാതെ യുഎസ് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാന്‍ ഷവോമിക്ക് കഴിയും.
എന്നാല്‍ ജനുവരി 20 മുതല്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന ബൈഡന്‍ ഭരണകൂടം ഈ തീരുമാനത്തെ അസാധുവാക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, അതുവരെ, പെട്ടെന്നുള്ള ഈ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തലിനോട് ഷവോമിയും മറ്റ് ചൈനീസ് കമ്പനികളും എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടറിയണം.