
ടെക്‌സസ്: ആപ്പിള്‍ കമ്പനിക്ക് എട്ടിന്റെ പണിയാണ് ടെക്‌സസിലെ ഒരു കോടതിയില്‍ നിന്ന് കിട്ടിയത്. 2015 ല്‍ തുടങ്ങിയ ഒരു നിയമപോരാട്ടത്തില്‍ തോറ്റുവെന്ന് മാത്രമല്ല, 308.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം കേസിലെ പരാതിക്കാര്‍ക്ക് നല്‍കുകയും വേണം.
പേഴ്‌സണലൈസ്ഡ് മീഡിയ കമ്യൂണിക്കേഷന്‍ എല്‍എല്‍സി (പിഎംസി) എന്ന കമ്പനിയാണ് തങ്ങളുടെ പേറ്റന്റ് അവകാശം ലംഘിക്കപ്പെട്ടെന്ന് പരാതി നല്‍കി വിജയിച്ചത്. ഒരു ലൈസന്‍സിങ് കമ്പനിയാണിത്. ടൈക് ലോകത്തെ ഭീമന്‍ കമ്പനിയായ ആപ്പിളിന്റെ ഐ ട്യൂണ്‍സ് തങ്ങളുടെ ഏഴോണം പേറ്റന്റ് അവകാശങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയായിരുന്നു പരാതി നല്‍കിയത്.
യുഎസിലെ പേറ്റന്റ് ഓഫീസില്‍ വിധി ആപ്പിളിന് അനുകൂലമായിരുന്നു. എന്നാല്‍ വാദിക്കാരന്‍ അപ്പീല്‍ പോയി. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കോടതി ഇതില്‍ വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കി. വിധി ആപ്പിളിന് എതിരാവുകയും ചെയ്തു. വിധിയില്‍ നിരാശയുണ്ടെന്നും അപ്പീല്‍ പോകുമെന്നുമാണ് ഐ ഫോണ്‍ നിര്‍മ്മാതാക്കളായ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.