
ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യുക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്നത് യുഎസ്ബിയാണ്. ഇത് ഉപയോഗിക്കാത്തവരായി ഇന്ന് ആളുകളില്ല. എന്നാല്‍ യുഎസ്ബിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്ന വേളയില്‍ ശ്രദ്ധ മുഴുവന്‍ പോകുന്നത് യുഎസ്ബി 4ലേക്കാണ്. യുഎസ്ബി ഇംപ്ലിമെന്റേഴ്‌സ് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ തരത്തിലുള്ള പോര്‍ട്ടുകളേയും വെല്ലുന്ന തരത്തിലുള്ളതാകും യുഎസ്ബി 4 എന്നാണ് ടെക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎസ്ബിയെ പറ്റി ഈ സംഘടനയാണ് ആധികാരികമായി സംസാരിക്കുന്നത്. പുത്തന്‍ മോഡലിന് യുഎസ്ബി 2, യുഎസ്ബി 3.2 എന്നീ മുന്‍ പതിപ്പുകളുമായി മികച്ച് സാമ്യമുണ്ടായിരിക്കും. ഇരട്ടി ബാന്‍ഡ്വിട്ത് ഉള്ളതിനാല്‍ യുഎസ്ബി ടൈപ്-സിയെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവിലുള്ള യുഎസ്ബി 3.2, യുഎസ്ബി 2 എന്നിവയുടെ ആര്‍ക്കിടെക്ചറില്‍ ഊന്നിത്തന്നെയാണ് പുതിയ പോര്‍ട്ടും നിര്‍മിച്ചിരിക്കുന്നത്. സ്പെസിഫിക്കേഷനുകള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി തീര്‍ച്ചപ്പെടുത്തിയത്. തണ്ടര്‍ബോള്‍ട്ട് പ്രോട്ടോക്കോള്‍ സ്പെസിഫിക്കേഷനെയും യുഎസ്ബി4 ല്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. പുതിയ പോര്‍ട്ടിന്റെ മാക്സിമം അഗ്രെഗെറ്റ് ബാന്‍ഡ്വിട്ത് ഇരട്ടിയാക്കാമെന്നാണ് പറയുന്നത്. ഇതിനാല്‍ പല സോഴ്സുകളില്‍ നിന്നുള്ള ഡേറ്റ പകര്‍ത്താനുള്ള ശേഷി ഉണ്ടായിരിക്കും. അതു കൂടാതെ ഡിസ്പ്ലെ പ്രോട്ടോക്കോളുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കും.
യുഎസ്ബി ടൈപ്-സി പോര്‍ട്ട്, പല ഉപകരണങ്ങളുടെയും എക്സ്റ്റേണല്‍ ഡിസ്പ്ലെ പോര്‍ട്ടായി ഉരുത്തിരിഞ്ഞു വന്നതു പോലെ, യുഎസ്ബി 4നും ഡിസ്പ്ലെകള്‍ക്കു വേണ്ട ഡേറ്റ എത്തിച്ചുകൊടുക്കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്ന് യുഎസ്ബി ഇംപ്ലിമെന്റേഴ്സ് ഫോറം അറിയിച്ചു. നിലവിലുള്ള യുഎസ്ബി ടൈപ്-സി കേബിളുകള്‍ ഉപയോഗിച്ച് രണ്ടു-ലെയിന്‍ ഓപ്പറേഷന്‍ സാധ്യമാക്കും. ഉചിതമായ കേബിള്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ പരമാവധി 40 ജിബി ഡേറ്റ വരെ ഇതിലൂടെ പകര്‍ത്താം. വിവിധ ഡേറ്റ, ഡിസ്പ്ലെ പ്രോട്ടോക്കോളുകള്‍ക്ക് മാക്സിമം അഗ്രെഗെറ്റ് ബാന്‍ഡ്വിട്ത് ഷെയര്‍ ചെയ്യാന്‍ കംപ്യൂട്ടറുകളെയും മറ്റും അനുവദിക്കാന്‍ യുഎസ്ബി4ന് ആകുമെന്നു പറയുന്നു.
തത്വത്തില്‍ 40 ജിബിപിഎസ് ട്രാന്‍സ്ഫര്‍ സ്പീഡുണ്ടെങ്കിലും എല്ലാ ഉപകരണങ്ങളും ഇതു സപ്പോര്‍ട്ട് ചെയ്യില്ല. മൂന്നു സ്പ്ഡുകളായിരിക്കും ഉണ്ടായിരിക്കുക 10 ജിബിപിഎസ്, 20 ജിബിപിഎസ്, 40 ജിബിപിഎസ്. വിഡിയോയും ഡേറ്റയും ഒരെ കണക്ഷനിലൂടെ ഷെയര്‍ ചെയ്യുന്നതിലായിരിക്കും യുഎസ്ബി4 നാടകീയമായ മാറ്റങ്ങള്‍ കൊണ്ടുവരിക. 4കെ, 8കെ വിഡിയോ എല്ലാം സാധാരണമാകുന്ന കാലത്ത് ഇത്തരമൊരു പോര്‍ട്ട് അത്യാവശ്യമായിരിക്കും. എസ്എസ്ഡികളുടെ ഡേറ്റാ റൈറ്റ്, റീഡ് സ്പീഡുകളും വര്‍ധിക്കുകയാണല്ലോ. മറ്റൊരു ഗുണം യുഎസ്ബി പവര്‍ ഡെലിലവറി അല്ലെങ്കില്‍ പിഡി ആണ്.
പ്രവര്‍ത്തിക്കാന്‍ ധാരാളം വൈദ്യുതി വേണ്ട കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് അതു നല്‍കാനും യുഎസ്ബി4നു സാധിക്കും. എല്ലാ യുഎസ്ബി4 ഉപരണങ്ങളും യുഎസ്ബി പിഡി കഴിവുള്ളവയായിരിക്കും. ഇവയ്ക്ക് തത്വത്തില്‍ 100 വാട്ട് പവര്‍ വരെ എത്തിച്ചുകൊടുക്കാനാകും. എന്നാല്‍ വിവിധ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ പല സ്പെസിഫിക്കേഷന്‍ ഉപയോഗിച്ചായിരിക്കും നിര്‍മിച്ചിരിക്കുക എന്നതിനാല്‍ ഓരോന്നിനും വേണ്ട കേബിളുകളും മറ്റും അറിഞ്ഞു വാങ്ങുകതന്നെ വേണ്ടിവരും.