
മുംബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ ഓഫീസില്‍ ഉപയോഗിക്കാവു. ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാമെന്നും ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓഫീസ് സമയത്തിന് ശേഷമേ സ്വകാര്യ ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവു.
കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കുറഞ്ഞ ശബ്ദത്തില്‍ ശാന്തതയോടെയായിരിക്കണം. ഔദ്യോഗീക മീറ്റിംഗുകള്‍ക്കിടെയില്‍ മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡില്‍ വയ്ക്കണമെന്നും ഈ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും സന്ദേശങ്ങള്‍ പരിശോധിക്കുന്നതും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും പറയുന്നു. അതേസമയം അത്യവശ്യഘട്ടങ്ങളില്‍ ടെക്സ്റ്റ് മെസേജിലൂടെ വിവരങ്ങള്‍ കൈമാറാം. ഫോണില്‍ക്കൂടി ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല.