മഴ കടുത്തതോടെ പച്ചക്കറിയ്ക്ക് 40 ശതമാനം വരെ വിലവര്‍ധന; വിളകള്‍ നശിച്ചതും ഗതാഗതം താറുമാറായതും തിരിച്ചടിയായി; കര്‍ണാടകയിലും കേരളത്തിലും മഴ ശക്തമായതോടെ ദക്ഷിണേന്ത്യന്‍ വിപണി ആശങ്കയില്‍

August 10, 2019 |
|
News

                  മഴ കടുത്തതോടെ പച്ചക്കറിയ്ക്ക് 40 ശതമാനം വരെ വിലവര്‍ധന; വിളകള്‍ നശിച്ചതും ഗതാഗതം താറുമാറായതും തിരിച്ചടിയായി; കര്‍ണാടകയിലും കേരളത്തിലും മഴ ശക്തമായതോടെ ദക്ഷിണേന്ത്യന്‍ വിപണി ആശങ്കയില്‍

ഡല്‍ഹി: ദക്ഷിണേന്ത്യയിലടക്കം മഴ ശക്തമായതിന് പിന്നാലെ പച്ചക്കറിയ്ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ വിലവര്‍ധന. ദക്ഷിണേന്ത്യയിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും മഴ ശക്തമായതോടെ വിളകള്‍ നശിച്ചതും ഗതാഗതം താറുമാറായതും വിപണിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. വരുന്ന രണ്ടു മാസത്തേക്ക് രാജ്യത്ത് പച്ചക്കറിയ്ക്ക് വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് മുബൈയിലേയും ഇന്‍ഡോറിലേയും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പച്ചക്കറി വില്‍പനയ്ക്ക് കാര്യമായ തിരിച്ചടി നേരിട്ടിട്ടില്ല. 

പച്ചക്കറിയുടെ വില വര്‍ധിച്ചത് ഈദ് ആഘോഷങ്ങള്‍ക്കും തിരിച്ചടിയായെന്നും ദക്ഷിണേന്ത്യയിലെ വ്യാപാരികള്‍ വ്യക്തമാക്കി. കാബേജ്, കാപ്‌സിക്കം, കാരറ്റ്, ബീന്‍സ് എന്നിവയ്ക്ക് വന്‍ വിലയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ശരാശരി വിലയുമായി താരതമ്യം ചെയ്താല്‍ മത്തന് കിലോയ്ക്ക് 40 രൂപ, കാപ്‌സിക്കത്തിന് 14 രൂപ എന്നീ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ബീന്‍സിന് കിലോയ്ക്ക് 80 രൂപയാണ്. കാബേജിന്റെ വിലയില്‍ മിക്കയിടത്തും 40 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. പുഴകള്‍ കരകവിഞ്ഞ് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഡാമുകളില്‍ ജലനിരപ്പ് കുറയുന്നു. തെക്കന്‍ ജില്ലകളില്‍ ആശ്വാസ വാര്‍ത്തകള്‍ വരുമ്പോഴും മലബാറും വടക്കന്‍ ജില്ലകളും പ്രളയത്തിന്റെ പിടിയിലാണ്.

മലപ്പുറത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീകണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പിടിയിലായി. കണ്ണൂര്‍ ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തിയായി പെയ്യുകയാണ്. ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved