
ലണ്ടന്‍: താന്‍ എടുത്ത വായ്പ തുകയുടെ 100 ശതമാനവും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കുമെന്ന് കിങ്ഫിഷര്‍ ഉടമ വിജയ് മല്യ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ബിസിനസ് പരാജയങ്ങളില്‍ പെടുന്നവരെ പൂര്‍ണമായും വിലക്കരുതെന്നും ഐബിസിയുടെ കത്തില്‍ പറയുന്നത് പോലെ ഇതിന് കൃത്യമായ പരിഹാരമാണ് കാണേണ്ടതെന്നും മല്യ ട്വീറ്റിലൂടെ വ്യക്തമാക്കി. മാത്രമല്ല ഈ അവസരത്തില്‍ തന്റെ 100 ശതമാനം ഉറപ്പുള്ള സെറ്റില്‍മെന്റ് ദയവായി സ്വീകരിക്കണമെന്നും മല്യ ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
വായ്പ തട്ടിപ്പുകേസിലെ പ്രതി വിജയ് മല്യയുടെ ബിനാമി കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് മല്യയുമായി അടുത്ത ബന്ധമുള്ള വി.ശശികാന്തിന്റെ പേരിലുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. 220 കോടിയാണ് കമ്പനിയുടെ വരുമാനമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
2017 വരെ വിജയ് മല്യ ഗ്രൂപ്പില്‍ അംഗമായിരുന്നു ശശികാന്ത്. ഒമ്പത് വര്‍ഷം മല്യയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുണൈറ്റെഡ് ബ്രൂവറീസ് ഹോള്‍ഡിങിന്റെ(യു.ബി.എച്ച്.എല്‍) എംഡിയുമായിരുന്നു ശശികാന്ത്. വിജയ് മല്യയുടെ കമ്പനികളായ ബ്രൂവറീസ്, കിങ്ഫിഷര്‍ തുടങ്ങിയവയുടെ 10.72 ശതമാനം ഷെയറും യു.ബി.എച്ച്.എല്ലിനുണ്ട്.
വിജയ് മല്യ നാടുവിട്ടതിന് പിന്നാലെ, യു.ബി.എച്ച്.എല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തുടര്‍ന്ന് ശശികാന്ത് ബെംഗലൂരുവിലുള്ള യുണൈറ്റഡ് ബ്രാന്‍ഡിങ് വേള്‍ഡ് വൈഡ് എന്ന കമ്പനിയെ യു.ബി.എച്ച്.എല്ലുമായി സംയോജിപ്പിച്ചു. ശശികാന്തിന്റെ ഭാര്യയും മകളും പാര്‍ട്ണര്‍മാരായുള്ളതാണ് ഈ കമ്പനി. മല്യയുടെ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടിയായിരുന്നു ഈ നീക്കമെന്ന് അന്വേഷണ സംഘം പറയുന്നു.