
കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിസ്താര എയര്‍ലൈന്‍സ് ഈ വര്‍ഷം ഡിസംബര്‍ വരെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. 40 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിന്റെ അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കുക. വിസ്താര സിഇഒ ലെസ്ലി തംഗിന്റേതാണ് പ്രഖ്യാപനം. ഫുള്‍-സര്‍വീസ് കാരിയറില്‍ 4,000 ത്തിലധികം ജീവനക്കാരുണ്ട്.
2020 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക. പൈലറ്റുമാര്‍ ഒഴികെയുള്ള ജീവനക്കാരുടെ പ്രതിമാസ ശമ്പളം കുറയ്ക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും. ലെവല്‍ 5, ലെവല്‍ 4 ജീവനക്കാരുടെ ശമ്പളത്തിന്റെ 15 ശതമാനവും ലെവല്‍ 3, ലെവല്‍ 2 ജീവനക്കാരുടെയും ലെവല്‍ 1സി-യിലെ ലൈസന്‍സുള്ള എഞ്ചിനീയര്‍മാരുടെയും ശമ്പളത്തിന്റെ 10 ശതമാനവും പ്രതിമാസ സിടിസി 50,000 അല്ലെങ്കില്‍ അതിന് തുല്യമായതോ ആയ ലെവല്‍ 1 ജീവനക്കാരുടെ ശമ്പളത്തിന്റെ 5 ശതമാനവുമാണ് വെട്ടിക്കുറയ്ക്കുക. വിസ്താര സിഇഒ ലെസ്ലി തംഗ് ഇമെയില്‍ വഴിയാണ് ജീവനക്കാരെ ഈ കാര്യം അറിയിച്ചത്.
പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, അവരുടെ 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതിമാസ ബേസ് ഫ്‌ലൈയിംഗ് അലവന്‍സ് 20 മണിക്കൂറായി കുറയ്ക്കും. മാത്രമല്ല ചില വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്ന പൈലറ്റുമാരുടെയും അലവന്‍സുകള്‍ ക്രമീകരിക്കുന്നതായിരിക്കുമെന്നും ലെസ്ലി തംഗ് പറഞ്ഞു. ഏപ്രില്‍ വരെ വിസ്താരയുടെ പൈലറ്റുമാര്‍ക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ഘടകമായ ബേസ് ഫ്‌ലൈയിംഗ് അലവന്‍സ് പ്രതിമാസം 70 മണിക്കൂറാണ് ലഭിച്ചിരുന്നത്.
നേരത്തെ മെയ് ജൂണ്‍ മാസങ്ങളില്‍ (പ്രതിമാസം നാല് ദിവസം വരെ) മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ശമ്പളമില്ലാത്ത (എല്‍ഡബ്ല്യുപി) നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ വിസ്താര എയര്‍ലൈന്‍സ് പറഞ്ഞിരുന്നു. അതേസമയം ഏപ്രില്‍ മാസത്തില്‍ ആറ് ദിവസം വരെ നിര്‍ബന്ധിത എല്‍ഡബ്ല്യുപിയില്‍ പ്രവേശിക്കാനാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചത്. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ് ഇന്ത്യ ആഭ്യന്തര യാത്രാ സര്‍വീസ് പുനരാരംഭിച്ചത്.
കോവിഡ്-19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി വിസ്താര, ഇന്‍ഡിഗോ അടക്കമുള്ള ഒട്ടുമിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.