
ന്യൂഡല്‍ഹി: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഈ വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വര്‍ഷം മൂന്ന്, നാലാം പാദത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് വിമാനക്കമ്പനി പദ്ധതിയിടുന്നതെന്ന് എയര്‍ലൈനിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിനോദ് കണ്ണന്‍ തിങ്കളാഴ്ച അറിയിച്ചു.
കൊവിഡ് -19 കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കുറഞ്ഞത് ജൂലൈ 31 വരെയാണ് നിലവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുന്നത്. നിര്‍ദ്ദിഷ്ട രാജ്യങ്ങളുമായി ഉഭയകക്ഷി സമ്മതത്തോടെ ഫ്‌ലൈറ്റ് സര്‍വീസുകള്‍ ആരംഭിക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങള്‍ വിദേശികളെ അനുവദിക്കുന്നതിനുള്ള വിവിധ പ്രവേശന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടില്ല.
അതേസമയം, കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പല സംസ്ഥാനങ്ങളും പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരുന്നതിനാല്‍ 'സാധാരണ നിലയിലേക്ക്' വിമാന യാത്ര മടങ്ങാന്‍ കുറച്ച് മാസങ്ങളെടുക്കുമെന്ന് കണ്ണന്‍ പറഞ്ഞു. ടയര്‍ 1, 2 നഗരങ്ങളിലെ യാത്രകള്‍ക്ക് നല്ല ഡിമാന്‍ഡ് രേഖപ്പെടുത്തുന്നത് തുടരുന്നതിനാല്‍ ആഭ്യന്തര ഗതാഗതം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മുംബൈ, പട്‌ന തുടങ്ങിയ റൂട്ടുകളില്‍ വിമാനങ്ങള്‍ ചേര്‍ക്കാന്‍ എയര്‍ലൈന്‍സിനെ പ്രേരിപ്പിച്ചുവെന്ന് കണ്ണന്‍ പറഞ്ഞു.
ആഴ്ചയില്‍ 35 മുതല്‍ 40 വരെ വിമാനങ്ങളാണ് വിസ്താര ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. വാരാന്ത്യത്തില്‍ പ്രതിദിനം 45 മുതല്‍ 50 വരെ വിമാനങ്ങള്‍ വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. എയര്‍ലൈനിന്റെ ശേഷിയുടെ 25-30 ശതമാനം വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 45% ന് താഴെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശേഷിയുടെ പരിധി.
ചില സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാന ഗതാഗതം നിയന്ത്രിക്കുന്നതിന് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പ് വര്‍ഷത്തില്‍ നഷ്ടപ്പെട്ട വ്യോമയാന വ്യവസായത്തെ വീണ്ടെടുക്കാന്‍ തടസ്സമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020-21 കാലയളവില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 41% മുതല്‍ 46% കുറയുമെന്ന് ഐസിആര്‍എ പറയുന്നു. അതേസമയം, അന്താരാഷ്ട്ര ഗതാഗതം 67% മുതല്‍ 72% വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 66 ശതമാനം ഉപഭോക്താക്കളും അടുത്ത ആറുമാസത്തിനുള്ളില്‍ എയര്‍ലൈനിനൊപ്പം പറക്കുമെന്ന് വിസ്താര പറയുന്നു. 6,000 യാത്രക്കാര്‍ക്കിടയില്‍ കമ്പനി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 20% പേര്‍ അടുത്ത യാത്ര ഇന്ത്യക്ക് പുറത്തേയ്ക്ക് പോകാന്‍ ആ?ഗ്രഹിക്കുന്നവരാണ്. സിംഗപ്പൂര്‍, യുണൈറ്റഡ് കിംഗ്ഡം, ദുബായ് എന്നിവിടങ്ങളിലേയ്ക്ക് പോകാനുള്ളവരാണ് അധികവും.