
ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ 2022ല്‍ വീണ്ടുമൊരു താരിഫ് വര്‍ദ്ധനയ്ക്ക് ഒരുങ്ങിയേക്കുമെന്ന് സൂചന. വോഡഫോണ്‍ ഐഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ രവീന്ദര്‍ ടക്കര്‍ തിങ്കളാഴ്ച വിശകലന വിദഗ്ധരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വര്‍ഷത്തിന് ശേഷം നവംബറിലാണ് അവസാനമായി താരിഫ് വര്‍ദ്ധന ഉണ്ടായത്.
സ്പെക്ട്രം കുടിശ്ശികക്ക് മൊറട്ടോറിയം തിരഞ്ഞെടുത്തതിന് ശേഷം നിക്ഷേപകരില്‍ നിന്ന് ഈ വര്‍ഷം മാര്‍ച്ചോടെ ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കാനാണ് വി ലക്ഷ്യമിടുന്നത്. 4ജി സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്ന് ഒരു ഉയര്‍ന്ന എക്സിക്യൂട്ടീവ് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് 170 ബില്യണ്‍ രൂപയുടെ ബാങ്ക് ഗ്യാരന്റി തിരികെ ലഭിക്കുമെന്ന് വി പ്രതീക്ഷിക്കുന്നു. ഇത് ബാങ്ക് കുടിശ്ശിക കുറയ്ക്കുകയും പുതിയ ബാങ്ക് ഫണ്ടിംഗ് നല്‍കുകയും ചെയ്യും.
കഴിഞ്ഞ രണ്ട് പാദങ്ങളില്‍, പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് 49 രൂപയില്‍ നിന്ന് 79 രൂപയായി ഉയര്‍ത്തുകയും റീട്ടെയില്‍, എന്റര്‍പ്രൈസ് സെഗ്മെന്റുകളിലുടനീളം ചില പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ താരിഫ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ 99 രൂപയിലേക്ക് മാറ്റി. 2021 നവംബറിലെ അവസാന വില വര്‍ദ്ധനവ് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് സംഭവിച്ചത്. ഉപഭോക്തൃ അടിത്തറയില്‍ 5.8 ദശലക്ഷം വരിക്കാരുടെ നഷ്ടവും ഡാറ്റ ഉപയോഗത്തിലെ ഇടിവും സിം ഏകീകരണവും താരിഫ് വര്‍ദ്ധന അനിവാര്യമാക്കിയെന്ന് ടാക്കര്‍ ചൂണ്ടിക്കാണിച്ചു,
ഉയര്‍ന്ന വരുമാനവും ശരാശരി പ്രതിമാസ ഉപഭോക്തൃ ഫോണ്‍ ബില്ലുകളും റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഡിസംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ നഷ്ടം മുന്‍ പാദത്തിലെ 7,132.3 കോടി രൂപയില്‍ നിന്ന് 7,230.9 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം വരുമാനം തുടര്‍ച്ചയായി 3 ശതമാനം ഉയര്‍ന്ന് 9,406 കോടി രൂപയില്‍ നിന്ന് 9,717 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 10,894 രൂപ വരുമാനത്തില്‍ 4,532 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.