5ജി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് അതോനെറ്റുമായി ധാരണയിലെത്തി

October 23, 2021 |
|
News

                  5ജി:  വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് അതോനെറ്റുമായി ധാരണയിലെത്തി

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്ക് വേണ്ടി 5ജി അധിഷ്ഠിത ഇന്‍ഡസ്ട്രി 4.0 സംവിധാനം പരീക്ഷിക്കുന്നതിനായി എല്‍ടിഇ, 5ജി സൊലൂഷന്‍ പ്ലാറ്റ്‌ഫോം ദാതാക്കളായ അതോനെറ്റുമായി ധാരണയിലെത്തി. ഈ പങ്കാളിത്തത്തില്‍ സ്മാര്‍ട്ട് കണ്‍സ്ട്രക്ഷന്‍, സ്മാര്‍ട്ട് വെയര്‍ഹൗസ്, സ്മാര്‍ട്ട് അഗ്രികര്‍ച്ചര്‍, സ്മാര്‍ട്ട് തൊഴിലിടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ 5ജിയുടെ സംരംഭ ഉപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തും

ഇരുകമ്പനികളും തമ്മിലുള്ള സാങ്കേതിക സഹകരണം വിവിധ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകും. നിര്‍മാണം, റെയില്‍വേ, വെയര്‍ഹൗസ്, ഫാക്ടറികള്‍ തുടങ്ങിയവ പോലുള്ള പ്രാഥമിക ഉല്‍പന്ന വ്യവസായങ്ങളിലെ ആപ്ലിക്കേഷനുകളുടെ നിയന്ത്രണവും നിരീക്ഷണവും വിശ്വാസ്യതയും കമ്പനി വിലയിരുത്തും. രാജ്യത്ത് മികച്ച 5ജി ഉപയോഗ സാധ്യത സൃഷ്ടിക്കുന്നതിനായി സര്‍ക്കാരിന്റെ ടെലികോം വകുപ്പ് അനുവദിച്ച 5ജി സ്‌പെക്ട്രത്തിലായിരിക്കും പരീക്ഷണങ്ങള്‍ നടക്കുക.

ചെറുതും വലുതുമായ സംരംഭങ്ങള്‍ക്കായി സ്മാര്‍ട്ട് സാങ്കേതിക വിദ്യയും സംവിധാനങ്ങളും സജ്ജമാക്കുന്നതില്‍ വി ബിസിനസ്സിന് ശ്രദ്ധേയമായ പങ്കാളിത്തമുണ്ടെന്നും അതോനെറ്റുമായുള്ള കമ്പനിയുടെ സഹകരണം ഭാവിയില്‍ രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് പ്രേരക ശക്തിയാകുമെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫീസര്‍ അഭിജിത് കിഷോര്‍ പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അതോനെറ്റ് വികസിപ്പിച്ചിട്ടുള്ള സാങ്കേതിക സംവിധാനങ്ങള്‍ 5ജി ഇന്‍ഡസ്ട്രി 4.0 സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് അതോനെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗിയാന്‍ലൂക്ക വെറിന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved