ഗെയിമിംഗ് മേഖലയിലേക്ക് കടക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

March 15, 2022 |
|
News

                  ഗെയിമിംഗ് മേഖലയിലേക്ക് കടക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ) ഗെയിമിംഗ് മേഖലയിലേക്ക്. വിഐ ആപ്പിലൂടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വിഐ ഗെയിമുകള്‍ ലഭ്യമാകും. ഗെയിമിങ്, സ്പോര്‍ട്സ് മീഡിയ കമ്പനിയായ നസാറ ടെക്നോളജീസുമായി ചേര്‍ന്നാണ് വിഐ ഗെയിംസ് അവതരിപ്പിക്കുന്നത്.

ആക്ഷന്‍, അഡ്വെഞ്ചര്‍, വിദ്യാഭ്യാസം, വിനോദം, പസില്‍, റേസിങ്, സ്പോര്‍ട്സ് തുടങ്ങി 10 വിഭാഗങ്ങളിലായി 1200ല്‍അധികം അന്‍ഡ്രോയ്സ്, എച്ച്ടിഎംഎല്‍5 അധിഷ്ഠിത മൊബൈല്‍ ഗെയിമുകളാണ് വിഐ ആപ്പിലൂടെ ലഭിക്കുക. പ്ലാറ്റിനം, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് സബ്സ്‌ക്രിപ്ഷന്‍ പ്ലാനിലൂടെയും സൗജന്യമായും ഉപയോഗിക്കാവുന്ന ഗെയിമുകളാണ് വിഐ ലഭ്യമാക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 30 ഗെയിമുകള്‍ അടങ്ങിയ ഒരു മാസത്തെ പ്ലാറ്റിനം പ്ലാനിന് 56 രൂപ നല്‍കണം. സൗജന്യമായി ഉപയോഗിക്കാവുന്ന ഗെയിമുകളുടെ എണ്ണം 250ല്‍ അധികമാണ്.

ഭാവിയില്‍ സോഷ്യല്‍ ഗെയിമിംഗ്, ഇ-സ്പോര്‍ട്സ് എന്നിവയിലൂടെ വിഐ ഗെയിംസ് വിപുലപ്പെടുത്താനും കമ്പനിക്ക് പദ്ധതികളുണ്ട്. ഗെയിമിംഗ് സേവനങ്ങളിലൂടെ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ഉയരുമെന്നാണ് വിഐയുടെ പ്രതീക്ഷ. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളില്‍ ഒന്നാണ് ഗെയിമിംഗ്. വരിക്കാരെ ആകര്‍ഷിക്കാന്‍ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വര്‍ഷം ഗെയിമിംഗ് സേവനങ്ങള്‍ ആരംഭിച്ചിരുന്നു. 2025 ഓടെ ഏകദേശം 11,500 കോടിയുടെ വിപണിയാണ് ഇന്ത്യന്‍ ഗെയിമിംഗ് മേഖല പ്രതീക്ഷിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved