
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയ ഇപ്പോള്‍ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കമ്പനി ആവശ്യപ്പെട്ട ഇവുകള്‍ നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് ചെര്‍മാന്‍ മംഗളം ബിര്‍ള വ്യക്തമാക്കി. നിലവില്‍ സുപ്രീം കോടതി വിധിച്ച എജിആര്‍ പിഴത്തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇളവുകള്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിനെ തുടര്‍ന്ന് ഇന്നലെ വ്യപാരം അവസാനിച്ചപ്പോള്‍ കമ്പനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വിലയില്‍ 5.34 ശതമാനം ഇടിഞ്ഞ് 6.92 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷത്തെ മൊറോട്ടോറിയം നല്‍കിയത് ഒഴിച്ച് കേന്ദ്രസര്‍ക്കാര്‍ പിഴ അടയ്ക്കുന്നതില്‍ നിന്ന് കമ്പനിക്ക് യാതൊരു ഇളവും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഒക്ടോബര്‍ 28ന് സുപ്രീംകോടതിയുടെ വിധിയനുസരിച്ച് 53,038 കോടി രൂപയോളമാണ് സര്‍ക്കാറിന് പിഴത്തുകയായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോണ്‍ നല്‍കേണ്ടത്. തുക അടയ്ക്കാന്‍ കമ്പനിക്ക് പ്രതിസന്ധി നേരിട്ടതോടെയാണ് വൊഡാഫോണ്‍ ഐഡിയ സര്‍ക്കാരില്‍ ഇപ്പോള്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം സര്‍ക്കാറില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ടെലഗികോം മേഖലയ്ക്ക് മാത്രമല്ല, രാജ്യത്തെ വ്യവസായ മേഖല്യക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്നും ബിര്‍ള ആവശ്യപ്പെട്ടു. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയ അടിസ്ഥാനത്തിലാണ് ബിര്‍ള ഇത്തരമൊരു പ്രതികരണം നടത്തിയത്.
എന്നാല്‍ സര്‍ക്കാറിന്റെ പദ്ധതിയില്‍ ബിര്‍ള ആത്മ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോശം ധനനയത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുമെന്നും രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന തീരുമാനം ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ വൊഡാഫോണ്‍ ഐഡിയയില്‍ നിന്ന് ഉപഭോക്താക്കള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.