
ആസിയാന്‍ അംഗങ്ങളടക്കം 15 രാജ്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ വിപണി തുറന്നുകൊടുക്കുന്ന സ്വതന്ത്രവ്യാപാര കരാറില്‍ അവസാന നിമിഷമാണ് പ്രധാനമന്ത്രിയുടെ പിന്മാറ്റം. ഈ നടപടി രാജ്യത്തെ ഉല്‍പ്പാദന,കാര്‍ഷിക മേഖലയോടുള്ള കരുതലാണോ അതോ താത്കാലികമായി പ്രതിഷേധങ്ങളില്‍ നിന്നുള്ള തടിയൂരലാണോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
കാരണം കരാര്‍ അന്തിമമാവുന്ന 2020 വരെ തങ്ങള്‍ക്കുള്ള ഉറപ്പുകള്‍ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുമെന്ന സൂചന മോദി നല്‍കി കഴിഞ്ഞു. താത്കാലികമായതെങ്കിലും ഈ തീരുമാനം ഇന്ത്യന്‍ വ്യവസായ മേഖലകളുടെ സ്വപ്‌നങ്ങള്‍ക്കുള്ള തിരിച്ചടിയെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ആര്‍സിഇപി കരാറിലെ പിന്മാറ്റത്തിന് പ്രധാനമന്ത്രി നിരത്തിയ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?
സ്വതന്ത്ര കരാറില്‍ പങ്കാളികളാകുന്നതോടെ ഇന്ത്യന്‍ വിപണി മലക്കെ തുറന്നിടേണ്ടി വരുമെന്ന ഭയം പ്രധാനമന്ത്രി ബാങ്കോക് ഉച്ചകോടിയില്‍ പങ്കുവെച്ചു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായ ഇന്ത്യയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം എങ്ങിനെ നിയന്ത്രിച്ചു നിര്‍ത്താകുമെന്ന ചോദ്യവും മോദി ഉയര്‍ത്തി. ഈ രണ്ടു കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്ന നടപടികള്‍ വേണമെന്നാണ് ഇന്ത്യ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടത്.
2020ല്‍ കരാര്‍ അന്തിമമാകുന്നത് വരെ ഈ ഉറപ്പുകള്‍ക്കുള്ള പരിശ്രമം രാജ്യം തുടരുമെന്ന് ബാങ്കോക് ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കളും പങ്കുവെക്കുന്നു. ഇന്ത്യയുടെ പിന്മാറ്റത്തെ ഒരു ചെറിയകാര്യമായല്ല മറ്റുരാജ്യങ്ങള്‍ കാണുന്നത്. കരാറിലേക്ക് ഇന്ത്യ മടങ്ങിവരുമെന്ന പ്രതീക്ഷയാണ് മറ്റുരാജ്യങ്ങളുടെ തലവന്മാര്‍ പങ്കുവെക്കുന്നത്. നിലവില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളില്‍ നട്ടെല്ല് തകര്‍ന്നിരിക്കുന്ന രാജ്യത്തെ ഉല്‍പ്പാദന,കാര്‍ഷിക,ചെറുകിട വ്യവസായ മേഖലകള്‍ ആര്‍ഇസിപി കരാറോടുകൂടി പൂര്‍ണമായും തകര്‍ന്നടിയും.
കരാര്‍ കൊണ്ടുവരാന്‍ 2012ല്‍ പരിശ്രമിച്ച കോണ്‍ഗ്രസ് പോലും മറ്റ് സംഘടനകള്‍ക്കൊപ്പം ഈ കരാറിനെതിരെ രംഗത്തെത്തിയതും അതുകൊണ്ട്തന്നെ. കരാര്‍ വീണ്ടും ചര്‍ച്ചയായപ്പോള്‍ കാര്‍ഷിക,ഉല്‍പ്പാദനമേഖലകളിലെ സംഘടനകളില്‍ നിന്ന് കനത്ത പ്രതിഷേധമാണ് നേരിട്ടത്.എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധമാണോ ചൈനാപ്പേടിയാണോ മോദിയുടെ താത്കാലിക പിന്മാറ്റത്തിന് കാരണമെന്ന് വേര്‍തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് സാമ്പത്തികലോകം.
ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഇന്ത്യ, ഓസ്ട്രേലിയ, ചൈന, കൊറിയ, ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നി രാജ്യങ്ങളാണ് ഈ കരാറിലെ അംഗങ്ങള്‍. ഇതില്‍ ചൈന മാറ്റി നിര്‍ത്തിയാലും ഓസ്‌ട്രേലിയ,ജപ്പാന്‍,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ ക്ഷീര വിപണിയെ ആകെ പിടിച്ചടക്കാന്‍ പോന്ന രാജ്യങ്ങളാണ്. കാര്‍ഷിക,മത്സ്യ വിപണികള്‍ക്കും മറ്റ് രാജ്യങ്ങള്‍ വില്ലനാകും. കരാറിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ അവകാശങ്ങളുണ്ടായിരിക്കെ ചൈനയെ മാത്രം എങ്ങിനെ നിയന്ത്രിക്കാനാകുമെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.
എന്തൊക്കെയായാലും നിലവില്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞടുപ്പുകളിലെ തിരിച്ചടികളും സംഘപരിവാറില്‍ നിന്നടക്കം കരാറിനെതിരെയുള്ള പ്രതിഷേധങ്ങളും മോദിയെ പ്രതിരോധത്തിലാക്കിയെന്നും കരുതുന്നവരുണ്ട്. മോദിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഗുജറാത്തിലെ ക്ഷീരസഹകരണ സംഘടനകളുടെ ഉടമസ്ഥതിയുള്ള അമൂല്‍ ട്വീറ്റ് ചെയ്്തിട്ടുണ്ട്. ജനങ്ങളുടെ വിജയമാണിതെന്ന് അവകാശപ്പെട്ട് ഇടത്,വലത് സംഘടനകളും രംഗത്തെത്തി. അതേസമയം ദീര്‍ഘകാലമായി ഇന്ത്യ തുടരുന്ന സംരക്ഷണവാദ നയം വീണ്ടും മുറുകെ പ ിടിക്കുന്നതിനുള്ള തെളിവാണെന്ന് വിമര്‍ശനമുയരുന്നു.
മത്സരക്ഷമമായ സമ്പദ് വ്യവസ്ഥയായി മാറാനുള്ള ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ സ്വപ്‌നങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും കുറപ്പെടുത്തുന്നു. ആഗോള വിതരണ ശ്യംഖലകളുമായി കൂടുതല്‍ ചേര്‍ന്ന് നില്‍ക്കേണ്ട കാലമാണിത്. ഇന്ത്യയിലെ ഉല്‍പ്പാദമേഖലയെ ഉയര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നും യുഎസ് വിശകലന ഏജന്‍സി കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് വിദഗ്ധ അലീസ അയേഴ്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യ കരാറില്‍ ഭാവിയില്‍ ഒപ്പുവെച്ചേക്കുമോയെന്ന ആശങ്കകളും ഒഴിയുന്നില്ല...