
മുംബൈ: രാജ്യത്ത് നിലവില്‍ വിപണിയില്‍ ലഭ്യമായ കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസത്തോടെ നോട്ടുകള്‍ പൂര്‍ണമായും വിതരണത്തില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല.
ജില്ലാ തല സെക്യൂരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറന്‍സി മാനേജ്‌മെന്റ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ദില്ലിയില്‍ നിന്ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകളുടെ കറന്‍സികള്‍ ഇപ്പോള്‍ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.
2019 ലാണ് നൂറ് രൂപയുടെ പുതിയ കറന്‍സികള്‍ വിപണിയിലിറക്കിയത്. 2000 രൂപയുടെയും 200 രൂപയുടെയും പുതിയ കറന്‍സികളും ഈ സമയത്താണ് പുറത്തിറക്കിയത്. പത്ത് രൂപയുടെ നാണയം പുറത്തിറക്കിയിട്ട് 15 വര്‍ഷം കഴിഞ്ഞെങ്കിലും ഇനിയും വ്യാപാരി സമൂഹം ഇതിനോട് അനുഭാവപൂര്‍ണമായ സമീപനമല്ല പുലര്‍ത്തുന്നത്. രൂപ ഔദ്യോഗിക അടയാളം പതിക്കാത്തതിനാല്‍ ഏത് നിമിഷവും ഇത് പിന്‍വലിക്കപ്പെടുമെന്ന ആശങ്കയില്‍ വ്യാപാരികള്‍ ഈ നാണയം ഇപ്പോഴും സ്വീകരിക്കാന്‍ മടിക്കുന്നതായി ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്.