രണ്ട് പാര്‍ക്കുകള്‍ കൂടി ഉടന്‍; ക്ലബ് മെമ്പര്‍ഷിപ്പ് പുറത്തിറക്കി വണ്ടര്‍ല

November 15, 2019 |
|
News

                  രണ്ട് പാര്‍ക്കുകള്‍ കൂടി ഉടന്‍; ക്ലബ് മെമ്പര്‍ഷിപ്പ് പുറത്തിറക്കി വണ്ടര്‍ല

വീഗാര്‍ഡ് ഗ്രൂപ്പിന്റെ അമ്യൂസ്‌മെന്റ് വിഭാഗമായ വണ്ടര്‍ല 'ക്‌ളബ് മെമ്പര്‍ഷിപ്പ്' കാര്‍ഡുകള്‍ പുറത്തിറക്കി.ഫാസ്റ്റ്ട്രാക്ക് അനുമതിയോടെയുള്ള പ്രവേശനവും  നക്ഷത്ര ഹോട്ടലുകളിലെ താമസവും ഉറപ്പാക്കുന്ന മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വണ്ടര്‍ലാ സ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് പുറത്തിറക്കിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള ഗോള്‍ഡ്, ആറുവര്‍ഷം കാലാവധിയുള്ള ഡയമണ്ട് കാര്‍ഡുകളാണ് പുറത്തിറക്കിയത്. കൊച്ചി,ബംഗളുരു,ഹൈദാരാബാദ് പാര്‍ക്കുകളില്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ഹോട്ടലുകളുമായി കരാറൊപ്പുവെച്ചിട്ടുണ്ട് കമ്പനി. കൊച്ചിയിലെ വണ്ടര്‍ലയില്‍ പുതിയ റൈഡായ വിര്‍ച്വല്‍ റിയാലിറ്റി കോസ്റ്ററിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു.

വാട്ടര്‍ റൈഡ് ഫ്യൂഷന്‍ സ്ലൈഡും  നെറ്റ് വാക്കും സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയിട്ടുണ്ട്. ചെന്നൈ കോടമ്പാക്കത്ത് 60 ഏകറില്‍ വണ്ടര്‍ലയുടെ അടുത്ത അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. പുതിയ സംരംഭം കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ ഭുവനേശ്വറില്‍ പുതിയ പാര്‍ക്കിനുള്ള പ്രാരംഭ പഠനങ്ങള്‍ തുടങ്ങി. 

സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് 120 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. അന്താരാഷ്ട്ര ഏജന്‍സിയായ ടി.യു.വിയുടെ നേതൃത്വത്തില്‍ പാര്‍ക്കിലെ റൈഡുകളില്‍ സുരക്ഷാ പരിശോധനകള്‍ നടത്തുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐ.എസ്.ഒ 14001, സുരക്ഷയുമായി ബന്ധപ്പെട്ട ഒ.എച്ച്.എസ്.എ.എസ് 18001 സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved