
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് യുഎസ് ഓഹരി വിപണി താഴ്ന്നപ്പോള്‍ കനത്ത നഷ്ടം നേരിട്ട് ലോകത്തെ ശതകോടീശ്വരന്മാര്‍. ആകെ വരുമാനത്തിന്റെ 2.1 ശതമാനമാണ് ലോകത്തെ മുന്‍നിരക്കാരായ 500 കോടീശ്വരന്മാര്‍ക്ക് സംഭവിച്ചത്. ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ 21 അംഗങ്ങള്‍ക്ക് കനത്ത് നഷ്ടം നേരിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒരു ബില്യണ്‍ ഡോളറിലധികമാണ് ഇവര്‍ക്ക് നഷ്ടമായത്. യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കം ശക്തമായതിന് പിന്നാലെയാണ് വിപണിയില്‍ കനത്ത നഷ്ടം നേരിടുന്നത്.
ലോക ധനികരില്‍ ഒന്നാമനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസിനാണ് ഏറ്റവുമധികം നഷ്ടമുണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. ഓഹരിയില്‍ 3.4 ബില്യണ്‍ ഡോലറിന്റെ നഷ്ടമാണ് ബെസോസിനുണ്ടായത്. ഇത് ഏകദേശം 24000 കോടി ഇന്ത്യന്‍ രൂപ വരും. 110 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയോടെ ബെസോസ് തന്നെയാണ് ഇപ്പോഴും ലോകധനികരില്‍ ഒന്നാമന്‍. എന്നാല്‍ വൈകാതെ തന്നെ വിപണി കരുത്ത് പ്രാപിക്കുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ലോകത്ത് ആകെയുള്ള കണക്ക് നോക്കിയാല്‍ 117 ബില്യണ്‍ യുഎസ് ഡോലറാണ് നഷ്ടം. ഇത് ഏകദേശം എട്ട് ലക്ഷം കോടി ഇന്ത്യന്‍ രൂപ വരും.
കാശ്മീര്‍ വിഷയം ചൂട് പിടിച്ചതോടെ ഓഹരി വിപണിയില്‍ ഭീമമായ നഷ്ടമാണ് ഇന്ത്യയും കഴിഞ്ഞ ദിവസം നേരിട്ടത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും, ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും ചെയ്തതോടെ ഓഹരി വിപണിയില്‍ ഇന്ന് ആശയ കുഴപ്പങ്ങള്‍ ഉണ്ടായി. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്നോട്ടുപോകുന്ന അവസ്ഥയും ഉണ്ടായി. ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ന് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധി മൂലം വിപണിയല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.
അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ഓഹരി വിപണിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. മുംബൈ ഓഹകരി സൂചികയായ സെന്‍സെക്സ് 418.38 പോയിന്റ് താഴ്ന്ന് 36,699.84 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.