
ന്യൂഡല്‍ഹി: മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യ 653 കോടി രൂപയുടെ നികുതിവെട്ടിച്ചുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തല്‍. 2017 ഏപ്രില്‍ ഒന്നിനും 2020 ജൂണ്‍ 30 നും ഇടയിലെ ചൈനീസ് കമ്പനിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡിആര്‍ഐ നോട്ടീസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഡിആര്‍ഐ ഷവോമിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
ഉല്‍പന്നങ്ങള്‍ക്ക് വിലകുറച്ച് കാണിച്ച് ഡ്യൂട്ടിവെട്ടിപ്പ് നടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ഇതിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു. ക്വാല്‍കോമിനും ബെയ്ജിങ്ങിലെ ഷവോമി മൊബൈല്‍ സോഫ്റ്റ്‌വെയര്‍.കോ.ലിമിറ്റഡിനും റോയല്‍റ്റിയും ലൈസന്‍ഫീയും നല്‍കിയത് ഷവോമിയുടെ ഇറക്കുമതിയില്‍ ചേര്‍ത്തിരുന്നില്ല.
ഇതിലൂടെ സര്‍ക്കാറിന് ഡ്യൂട്ടിയായി ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെട്ടുവെന്നാണ് ഡിആര്‍ഐ പറയുന്നത്. ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും റെയ്ഡ് നടത്തിയ റവന്യൂ ഇന്റലിജന്‍സ് സംഘം നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ 653 കോടിരൂപയുടെ നികുതി വെട്ടിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷവോമിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായക രേഖകള്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ് കണ്ടെത്തിയിട്ടുണ്ട്.
ഷവോമിയുടെ കീഴിലുളള എംഐ ബ്രാന്‍ഡ് ഫോണുകളുടേയും ഘടകങ്ങളുടേയും ഇറക്കുമതിയില്‍ വന്‍ ക്രമക്കേട് നടന്നെന്നും റവന്യു ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. എംഐ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത് ഷവോമിയാണ്. ഇവ നേരിട്ട് ഇറക്കുമതി ചെയ്യുകയോ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയില്‍ വെച്ച് കൂട്ടിയോജിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ആക്കി മാറ്റുകയോ ആണ് ചെയ്തിരുന്നത്. ഈ ഘടകങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന കമ്പനികള്‍ ഇവ ഷവോമി ഇന്ത്യയ്ക്ക് മാത്രമായി വില്‍ക്കുകയായിരുന്നു. ഷവോമി 1962-ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 14, 2007ലെ കസ്റ്റംസ് വാലുവേഷന്‍ ചട്ടം എന്നിവ ലംഘിച്ചതായാണ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തല്‍.