
വര്‍ക് ഫ്രം ഹോം ശൈലിയും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ചേര്‍ന്ന് ലാപ്ടോപ്പുകളുടെ ഡിമാന്റ് രാജ്യത്ത് കുതിച്ചുയര്‍ന്നു. ഈ സാഹചര്യം മുതലാക്കാന്‍ ഷവോമിയും. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവായ ഷവോമി ഇതാദ്യമായി ലാപ്ടോപ്പ് വിപണിയിലേക്ക് പ്രവേശിച്ചു. 41,999 രൂപയുടെ എംഐ നോട്ട്ബുക്കും 54,999 രൂപയുടെ എംഐ നോട്ട്ബുക്ക് ഹോറൈസണ്‍ എഡിഷനുമാണ് ഇപ്പോള്‍ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഇവ പ്രാരംഭവിലയായതിനാല്‍ ജൂലൈ 16 കഴിഞ്ഞാല്‍ വിലയില്‍ മാറ്റം വരാം.
ഇരു ലാപ്ടോപ്പുകളിലും വിന്‍ഡോസ് 10 ഹോം എഡിഷനാണ് ഉള്ളത്. കമ്പനി എംഐ നോട്ട്ബുക്ക് 14ന്റെ മൂന്ന് വകഭേദങ്ങളും എംഐ നോട്ട്ബുക്ക് ഹൊറൈസണ്‍ എഡിഷന്റെ രണ്ട് വകഭേദങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എംഐ നോട്ട്ബുക്ക് 14ന്റെ അടിസ്ഥാന മോഡലിന് എട്ട് ജിബി ddr 4 റാമും 256 ജിബി ssd സ്റ്റോറേജുമാണ് ഉള്ളത്. ഇതിന്റെ വില 41,999 രൂപയാണ്. ടോപ്പ് മോഡലിന്റെ സ്റ്റോറേജ് എട്ട് ജിബി റാമും 512 ജിബി SATA SSDയുമാണ്.
1.35 കിലോഗ്രാം ഭാരമുള്ള അള്‍ട്രാ ലൈറ്റ് ലാപ്ടോപ്പാണ് 14 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തോട് കൂടിയ എംഐ നോട്ട്ബുക്ക് 14 ഹൊറൈസണ്‍ എഡിഷന്‍. രണ്ട് വകഭേദങ്ങളാണ് ഈ മോഡലിനുള്ളത്. ബേസ് മോഡലിന് എട്ട് ജിബി DDR4 റാമും 512 ജിബി SATA SSDയുമുണ്ട്. ഇന്റല്‍ കോര്‍ i5 പത്താം തലമുറ പ്രോസസറോട് കൂടിയ ഇതിന്റെ വില 54,999 രൂപയാണ്. കോര്‍ i7 പത്താം തലമുറ പ്രോസസറോട് കൂടിയ വകഭേദത്തിന്റെ വില 59,999 രൂപയാണ്. ഷവോമി സ്മാര്‍ട്ട്ഫോണും ലാപ്ടോപ്പും തമ്മില്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ക്വിക് ഷെയര്‍ എന്ന സൗകര്യമുണ്ട്. ജൂണ്‍ 17 മുതല്‍ ആമസോണ്‍, എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ പുതിയ ലാപ്ടോപ്പുകള്‍ ലഭ്യമാകും. മറ്റ് ഷോപ്പുകളിലും ഉടന്‍ എത്തിക്കും.