
യുഎസ് വെബ് സേവന ദാതാക്കളായ യാഹൂ ഇന്ത്യയിലെ വാര്‍ത്താ സേവനങ്ങള്‍ നിര്‍ത്തി. ആഗസ്റ്റ് 26 മുതലാണ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത്. പുതിയ കണ്ടന്റ് ഇനി പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേ സമയം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നത് യാഹൂ മെയിലിനെ ബാധിക്കില്ല. യാഹു മെയിലിലെ വിവരങ്ങള്‍ ലഭ്യമാകും.
യാഹൂ അക്കൗണ്ട്, മെയില്‍ എന്നിവ സേര്‍ച്ച് ചെയ്യാന്‍ ആകും. ഉപഭോക്താക്കളുടെ പിന്തുണയ്ക്കും വായനക്കാര്‍ക്കും യാഹൂ അധികൃതര്‍ നന്ദി അറിയിച്ചു, വെബ് ഹോം പേജിലൂടെയാണ് കമ്പനി വിവരമറിയിച്ചത്. യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ മേഖലകളില്‍ ഇനി പുതിയ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കില്ല.
മാധ്യമ സ്ഥാപനങ്ങളില്‍ വിദേശ ഉടമസ്ഥത പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ആണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് യാഹൂ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സേവനം നിര്‍ത്തണമെന്നത് സ്വയം എടുത്ത തീരുമാനമല്ലെന്ന് യാഹൂ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ മീഡിയ കമ്പനികളിലെ വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥത നിയന്ത്രിക്കുന്നത് യാഹുവിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
പുതിയ എഫ്ഡിഐ നിയമ പ്രകാരമാണ് ഡിജിറ്റല്‍ മീഡിയ കമ്പനികളുടെ വിദേശ ഉടമസ്ഥത സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി യാഹു ഇന്ത്യയില്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്താ സേവനങ്ങള്‍ നല്‍കുന്നുണ്ട്. പ്രീമിയം കണ്ടന്റിന് പുറമെ പ്രാദേശിക വാര്‍ത്തകളും യാഹൂ ലഭ്യമാക്കിയിരുന്നു. ബ്രാന്‍ഡിലുള്ള പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചാണ് യാഹൂ ന്യൂസിന്റെ മടക്കം. അതേസമയം മറ്റു സേവനങ്ങള്‍ പഴയതു പോലെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം 26 ശതമാനമായി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. 2019-ല്‍ ആണ് നിയമം കൊണ്ടുവന്നതെങ്കിലും 2020 മുതല്‍ ഇത് കൂടുതല്‍ ശക്തമാക്കിയിരുന്നു.നിലവില്‍ പ്രിന്റ്, ടെലിവിഷന്‍ മേഖലയില്‍ ഇത് ബാധകമാക്കിയിട്ടുണ്ട്. ഇതേ വിദേശ നിക്ഷേപ പരിധി തന്നെയാണ് ഡിജിറ്റല്‍ മീഡിയക്കും ബാധകമാക്കിയത്.