Trading

ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ വീണ്ടും ചരിത്രം കുറിച്ചു

മുംബൈ: ഐടി, വാഹന ഓഹരികളുടെ കുതിപ്പില്‍ സൂചികകള്‍ വീണ്ടും ചരിത്രം കുറിച്ചു. നിഫ്റ്റി 14,367ലും സെന്‍സെക്സ് 48,854ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 689 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. നിഫ്റ്റി 210 പോയിന്റും ഉയര്‍ന്നു. യഥാക്രമം 1.43 ശതമാനവും 1.48 ശതമാനവും നേട്ടമാണ് ഇരുസൂചികകളിലുമുണ്ടായത്.

ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നത്. പുറത്തുവരാനിരിക്കുന്ന ടിസിഎസ് ഉള്‍പ്പടെയുള്ള കമ്പനികളുടെ പ്രവര്‍ത്തനഫലം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തലുകളും വിപണിയില്‍ പ്രതിഫലിച്ചു.

ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, മാരുതി, യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.  

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.01ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.72 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ പുതിയ ഉയരം കുറിച്ച് 19,161 നിലവാരത്തിലെത്തുകയും ചെയ്തു.

Author

Related Articles