Trading

സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാര ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാര ദിനത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പ്രതിമാസ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിനമായിട്ടുകൂടി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് സൂചികകള്‍ സമ്മര്‍ദം നേരിട്ടത്. ഒടുവില്‍ 115 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 58,486ലും നിഫ്റ്റി 33 പോയിന്റ് താഴ്ന്ന് 17,465ലുമാണ് ക്ലോസ് ചെയ്തത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ഡിവീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ 1.3 ശതമാനം താഴ്ന്നു. പൊതുമേഖല ബാങ്ക് 0.8 ശതമാനവും ഐടി 0.4 ശതമാനവും നഷ്ടം നേരിട്ടു. എഫ്എംസിജി 1.2 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.3 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സൂചികകള്‍ മികച്ച ഉയരം കുറിച്ചെങ്കിലും റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് അവസാന പാദത്തില്‍ തിരുത്തല്‍ നേരിടുകയും ചെയ്തു. അസംസ്‌കൃത എണ്ണ വിലയിലെ കുതിപ്പും വിപണിയെ ബാധിച്ചു.

Author

Related Articles